വീടിനായി ഉണ്ണിയപ്പം ചലഞ്ച്
1418137
Monday, April 22, 2024 11:35 PM IST
മാന്നാർ: അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞമാസം മരിച്ച മാന്നാർ വിഷവർശേരിക്കര ഇടത്തയിൽ സിനു(48)വിന്റെ കുടുംബത്തിന്റെ ഭവനനിർമാണം പൂർത്തീകരിക്കാൻ മാന്നാർ പരുമലക്കടവിൽ ഉണ്ണിയപ്പ ചലഞ്ച് നടത്തി. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയും സിനു ഭവനനിർമാണ സഹായ സമിതിയംഗങ്ങളും നേതൃത്വം നൽകി. രോഗക്കിടക്കയിലും വീടിന്റെ നിർമാണം പൂർത്തീകരിച്ച് മക്കളെ സുരക്ഷിതരാക്കണമെന്ന ആഗ്രഹത്തിലായിരുന്നു സിനു. സിനുവിന്റെ ചികിത്സയ്ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനും പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ച് ധനസമാഹരണം നടത്തിവരവേയാണ് സിനുവിന്റെ മരണം സംഭവിച്ചത്.
ആരോഗ്യകരണത്താൽ ജോലിക്കു പോകാൻ കഴിയാത്ത ഭർത്താവ് സുഭാഷും വിദ്യാർഥികളായ രണ്ടു മക്കളും ഭർതൃമാതാവും അടങ്ങുന്നതാണ് സിനുവിന്റെ കുടുംബം. കരുതൽ ഉച്ചയൂണ് കൂട്ടായ്മ പദ്ധതിയുടെ ചെയർമാൻ ഷാജി കെ. ഡേവിഡ്, അംഗങ്ങളായ അനീഷ്, റിയാസ്, ജോമോൻ, ജോസ്, രമ്യ, സിനു ഭവന നിർമാണ സഹായ സമിതിയംഗങ്ങളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ഷീബ ഷുക്കൂർ, സ്മിത, ബിന്ദു, മായ, വീണ, ചെല്ലപ്പൻ, മനോജ് എന്നിവർ നേതൃത്വം നൽകി.