നബിദിനത്തിൽ നറുസ്നേഹം പങ്കുവച്ച് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ
1338774
Wednesday, September 27, 2023 10:41 PM IST
ആലപ്പുഴ: നബിദിന ആഘോഷവേളയിൽ മുസ്ലിം സഹോദരങ്ങൾക്കു സ്നേഹത്തിന്റെ സൗഹാർദ പങ്കുവയ്പുമായി ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. തന്റെ ചുറ്റിനുമുള്ള മുസ്ലിം സഹോദരങ്ങളോടുള്ള സന്തോഷം പങ്കുവച്ച് അവരിലെ സുഹൃത്തുക്കൾക്ക് ഈന്തപ്പഴവും അണ്ടിപ്പരിപ്പുമെല്ലാം എത്തിച്ചാണ് അദ്ദേഹം നബിദിനാഘോഷങ്ങളിൽ പങ്കുചേർന്നത്.
വിശുദ്ധവും സന്തോഷപൂർവവുമായ സ്റ്റേഹാശംസകൾ അദ്ദേഹം നൽകി. പ്രവാചകൻ പഠിപ്പിക്കുന്ന കാര്യണ്യത്തിന്റെ പാത കൂടുതൽ പ്രകാശിപ്പിക്കാനും നിത്യസത്യങ്ങളും ധാർമിക മൂല്യങ്ങളും കാലഘട്ടത്തിന്റെ സമാധാന നിർമിതിക്ക് ഉപയുക്തമാക്കാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരോട് സ്നേഹവാത്സല്യം പുലർത്തുന്ന ആനാപറമ്പിൽ പിതാവിന്റെ സ്നേഹാശംസകൾ ഏറെ മാതൃകാപരവും സമൂഹത്തിന് പ്രചോദനകരവുമാണെന്ന് അദ്ദേഹത്തിൽനിന്ന് സ്നേഹാശംസകൾ കൈപ്പറ്റിയ എ. കബീർ പറഞ്ഞു. വിവിധ മുസ്ലിം സഹോദരങ്ങളോട് അദ്ദേഹം പുലർത്തുന്ന സ്നേഹബന്ധത്തിന്റെ അനുഭവങ്ങളും കബീർ പറഞ്ഞു.