കൃഷി എന്നും ലാഭം; വിജയഗാഥയുമായി സ്ത്രീകൾ
1336790
Tuesday, September 19, 2023 10:59 PM IST
ആലപ്പുഴ: കൃഷിയിലൂടെ വിജയം കൊയ്യാമെന്നും നഷ്ടമല്ലെന്നും കാണിച്ച് ചേർത്തല തെക്ക് പഞ്ചായത്തിലെ ധനശ്രീ വിമൻ ഇൻ അഗ്രിക്കൾച്ചർ ഗ്രൂപ്പ്. 20 വർഷം മുൻപ് ആരംഭിച്ച കാർഷിക ഗ്രൂപ്പ് ഇന്നും പുതിയ കൃഷിരീതികളിൽ കൂടി പ്രവർത്തനമേഖല വ്യാപിപ്പിക്കുകയാണ്. കൂൺകൃഷി, മില്ലറ്റ് കൃഷി, കൂവ, മൂല്യ വർധിത ഉത്പന്നങ്ങൾ, ആഗ്ര പേട തുടങ്ങിയവയും വലിയ തോതിലുള്ള തൈ ഉത്പാദന കേന്ദ്രവും ഇവർ നടത്തുന്നുണ്ട്. ഇവരുടെ സ്വന്തം മുതൽമുടക്കിൽ 2.57 ലക്ഷം രൂപ ചെലവഴിച്ച് മഴമറയും നിർമിച്ചിട്ടുണ്ട്.
ചേർത്തല തെക്ക് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ പച്ചക്കറിത്തൈകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മഴമറ നിർമിച്ചത്. മുളക്, വഴുതന, തക്കാളി, പയർ, വെണ്ട തുടങ്ങിയവയോടൊപ്പം പഞ്ചായത്തിന്റെ തനത് ചീര ഇനമായ തൈക്കൽ ചീരയും ചെങ്കൽ ചീരയുമാണ് ഉത്പാദിപ്പിച്ചത്. 2001- 2002 സാമ്പത്തിക വർഷം കൃഷി വകുപ്പ് നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ വിമൻ ഇൻ അഗ്രിക്കൾച്ചർ പ്രകാരം 10 പേർ ചേർന്നാണ് ഈ സംഘം ആരംഭിച്ചത്.