ബിഗ് കാൻവാസിൽ കുഞ്ഞിക്കൈകൾ പതിപ്പിച്ച് പ്രവേശനോത്സം
1299294
Thursday, June 1, 2023 11:04 PM IST
കരുവാറ്റ: അക്ഷരത്തൊപ്പിയും അക്ഷരക്കൂടയും പൂക്കളും മിഠായിയും ഒക്കെയായി നവാഗതർക്ക് സ്വാഗതമരുളി കരുവാറ്റ സെന്റ് ജോസഫ് എൽപി സ്കൂളിൽ പ്രവേശനോത്സവം. കുട്ടികൾക്ക് സ്കൂളിൽ തങ്ങളുടെ കൈപ്പത്തി പതിക്കാനുള്ള ബിഗ് കാൻവാസ് ഒരുക്കിയായിരുന്നു സ്വീകരണം. മികവ് പ്രവർത്തനങ്ങളുടെ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. മുതിർന്ന കുട്ടികൾ മധുരം നൽകി നവാഗതരെ സ്വീകരിച്ചു. ഹരിതചട്ടങ്ങൾ പാലിച്ചായിരുന്നു പ്രവേശനോത്സവ ക്രമീകരണങ്ങൾ ഒരുക്കിയത്. ഹെഡ്മാസ്റ്റർ അനീഷ് ഐ.എം സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ബേബി നീതു ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി തേവാരി അധ്യക്ഷത വഹിച്ചു. എസ്. മനു, അധ്യാപകരായ അഞ്ജലി, വർഷ, ലീന, മരിയ, ആശ, സിസ്റ്റർ എൽസീന തുടങ്ങിയവർ പ്രസംഗിച്ചു.
മുട്ടം ഹോളി ഫാമിലിയിൽ
ചേർത്തല: മുട്ടം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം മാനേജർ ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടോമി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിത്രവിന്ദാ ഭായ്, പ്രിൻസിപ്പൽ എൻ.ജെ വർഗീസ്, ഹെഡ്മിസ്ട്രസ് എം. മിനി, സ്റ്റാഫ് സെക്രട്ടറി സാജു തോമസ്, വി. ശ്രീഹരി എന്നിവർ പ്രസംഗിച്ചു.
മാരാട ഗവ. യുപി സ്കൂളിൽ
പുളിങ്കുന്ന്: പഞ്ചായത്ത് തല പ്രവേശനോത്സവം കണ്ണാടി മാരാട ഗവ. യുപി സ്കൂളിൽ നടത്തി. പഞ്ചായത് പ്രസിഡന്റ് പദ്മജ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പ്രഭാതഭക്ഷണം നൽകുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പിടിഎ പ്രസിഡന്റ് എം.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ ഫ്രാൻസിസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീലാമ്മ ജോസഫ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സുരേഷ്, വാർഡ് മെംബർ ജോഷി കൊല്ലറ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രവേശനോത്സവം
വാരനാട് ഗവ. എൽപിഎസിൽ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വാരനാട് ഗവ. എൽപി സ്കൂളിൽ സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ലെനിൻ, രജിമോൾ എന്നിവര് പ്രസംഗിച്ചു.
ചേർത്തല: മരുത്തോർട്ടം ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം മുൻ സ്കൂൾ ഹെഡ്മിസ്ട്രസ് ഡി. ബീനാമോൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സമ്പത്ത് അധ്യക്ഷത വഹിച്ചു. കെ.എസ് ജയശ്രീ, സിജി വർഗീസ്, ധന്യ, അനില എന്നിവർ പ്രസംഗിച്ചു.
അമ്പലപ്പുഴ ഉപജില്ലാതല
പ്രവേശനോത്സവം
അമ്പലപ്പുഴ: ഉപജില്ലാതല പ്രവേശനോത്സവം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഉപജില്ല വിദ്യാഭാസ ഓഫീസർ എസ്. സുമാദേവി അധ്യക്ഷയായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാലയമാണ് എസ്ഡിവി ഗവ.യുപി സ്കൂൾ. 145 കുട്ടികളാണ് ഒന്നാം തരത്തിൽ പ്രവേശനം നേടിയത്.
വിവിധ മേഖലകളിൽ വിജയം നേടിയ കുട്ടികളെ എംഎൽഎ അനുമോദിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടത്തി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി. ധ്യാനസുതൻ സമ്മാന വിതരണവും ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്ത് യൂണിഫോം വിതരണവും പഞ്ചായത്തംഗം സുനിതാ പ്രദീപ് പച്ചക്കറിതൈകളുടെ വിതരണവും, ബ്ലാേക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.ജി. ജയകൃഷ്ണൻ വിദ്യാഭ്യാസ വി കസനരേഖ പ്രകാശനവും നിർവഹിച്ചു.
ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ ഗവ. എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ജാസ്മിൻ നൈസാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.