മാലിന്യം തള്ളുന്നവർ ഇനി കുടുങ്ങും, കായംകുളം കൂടുതൽ കാമറക്കണ്ണിൽ
1282633
Thursday, March 30, 2023 10:50 PM IST
കായംകുളം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർ ഇനി കുടുങ്ങും. കായംകുളം പട്ടണത്തിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പട്ടണത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചത്.
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് കാമറകൾ സ്ഥാപിച്ചത്. കൈകോർക്കാം കായംകുളത്തിനായി എന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് നഗരസഭ ഫണ്ടിൽനിന്നു 25 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ ഭാഗങ്ങളിൽ കാമറ സ്ഥാപിക്കുന്നത്.
നിരീക്ഷണ കാമറകൾക്ക് ഒരുമാസത്തെ സ്റ്റോറേജ് കപ്പാസിറ്റിയാണ് ഉള്ളത്. ഗവ. അഗീകൃത ഏജൻസിയായ സിൽക്കിൽനിന്നുമാണ് കാമറക്കൾ വാങ്ങിയിരിക്കുന്നത്. മാലിന്യം തള്ളുന്ന വാഹനങ്ങളും വ്യക്തികളെയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നതാണ് കാമറകളുടെ പ്രത്യേകത.
നഗരസഭ പ്രദേശങ്ങളിൽ 10 കേന്ദ്രങ്ങളിലായി 20 കാമറകളാണ് സ്ഥാപിച്ചത്. പട്ടണത്തെ മാലിന്യമുക്തമാക്കുവാനുള്ള പരിശ്രമത്തിലാണ് നഗരസഭയെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. ഈ യജ്ഞത്തിൽ എല്ലാ പൊതുജനങ്ങളും പങ്കാളികളാകണമെന്നും ചെയർപേഴ്സൺ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, നഗരസഭ സെക്രട്ടറി സനിൽ ശിവൻ തുടങ്ങിയവർ പറഞ്ഞു.