"ലൈസൻസുള്ളവർ മാത്രമേ വയറിംഗ് ജോലികൾ ചെയ്യാവൂ'
1279707
Tuesday, March 21, 2023 10:51 PM IST
ആലപ്പുഴ: വൈദ്യുത വയറിംഗ് ജോലികൾ ലൈസൻസും സാങ്കേതിക പരിജ്ഞാനവും നേടിയവർ മാത്രം ചെയ്താലേ വൈദ്യുതി മേഖലയിൽ വർധിച്ചുവരുന്ന അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ എന്ന് ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പറഞ്ഞു. കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെഇഡബ്ല്യുഎസ്എ) ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസൻസില്ലാത്ത ആളുകൾ വയറിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതു മൂലം വൈദ്യുതി ചോർച്ചയും ഗുണഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ.ജയൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ സി.വി. രാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.