ട്രാഫിക് പോലീസിന്റെ പരിശോധനയിൽ വ്യാപക പരാതി
1246605
Wednesday, December 7, 2022 10:04 PM IST
ചെങ്ങന്നൂർ: പത്തനംതിട്ട ജില്ലയും ആലപ്പുഴ ജില്ലയും അതിർത്തികൾ പങ്കുവയ്ക്കുന്ന പുത്തൻകാവ് ഐക്കാട് പാലത്തിനു സമീപം ട്രാഫിക് പോലീസിന്റെ വാഹനപരിശോധനയിൽ വ്യാപക പ്രതിഷേധവും പരാതിയും. ആറന്മുള ഭാഗത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുമ്പോൾ പാലം ഇറങ്ങി വരുന്ന ഭാഗത്താണ് പരിശോധന. ഒറ്റവരിപ്പാതയായ ഐക്കാട് പാലത്തിൽ ശബരിമല സീസൻ തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ്.
പാലത്തിനു സമീപം വാഹനപരിശോധനകൂടി തുടങ്ങിയതോടെ പമ്പാ സർവീസ് അടക്കം മറ്റു സർവീസുകൾക്കും തടസം നേരിടുന്നതു പതിവായി. ഇതുകാരണം ബസ് യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. ജനങ്ങളെ വലയ്ക്കുന്ന ട്രാഫിക് പോലീസിന്റെ നടപടിയിൽ പ്രദേശവാസികളും സ്വകാര്യ വാഹന ഉടമകളും വൻ പ്രതിഷേധത്തിലാണ്.
മത്സ്യത്തൊഴിലാളി
കുഴഞ്ഞുവീണ് മരിച്ചു
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് 17-ാം വാർഡ് കറുകപ്പറമ്പിൽ പരേതനായ മൈക്കിളിന്റെ മകൻ ചാൾസ് മൈക്കിൾ (ബാബു -50) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കടലിൽ പണിക്കു പോകാനായി നടക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷാന്റി, മക്കൾ: അപ്പു, അച്ചു, അമ്മ: സെലിൻ.