വഴിയോരക്കച്ചവടത്തിനെതിരേ വ്യാപാരി വ്യവസായികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
1246052
Monday, December 5, 2022 10:52 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വർധിച്ചുവരുന്ന വഴിയോരക്കച്ചവടത്തിനെതിരേ ഒടുവിൽ വ്യാപാരി വ്യവസായികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കോടികൾ ചെലവഴിച്ചു നിർമിച്ച അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാത വഴിയോരക്കച്ചവടക്കാർ കൈയടക്കിയത് കഴിഞ്ഞദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ജിഎസ്ടിയും ഭീമമായ കട വാടകയും പഞ്ചായത്ത് ലൈസൻസും തൊഴിൽ നികുതിയും നൽകി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വഴിയോരക്കച്ചവടം അമ്പലപ്പുഴയിൽ തഴച്ചുവളരുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ, ക്ഷേത്രം യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 11 വരെ കടകളടച്ച് വ്യാപാരികൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കും. ധർണയ്ക്കു മുന്നോടിയായി പടിഞ്ഞാറെനടയിൽനിന്ന് മാർച്ചും ആരംഭിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.