അപകടങ്ങള്‍ പെരുകുന്നു ! മിച്ചല്‍ ജംഗ്ഷനില്‍ മെച്ചമല്ല സുരക്ഷ
1225594
Wednesday, September 28, 2022 10:48 PM IST
മാവേലിക്കര: ദിനം പ്രതി വലുതും ചെറുതുമായ നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന മിച്ചല്‍ ജംഗ്ഷനില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ല. കാല്‍നട യാത്രികര്‍ക്കു റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ക്രോസിംഗ് ലൈനുകളോ വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്റ്റോപ്പ് ലൈനോ നിലവില്‍ ഇല്ല. സിംഗ്നല്‍ ലൈറ്റിലാകട്ടെ കാല്‍നടക്കാര്‍ക്കു കടന്നുപോകുവാനുള്ള സിഗ്നല്‍ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല.
ഫ്രീലെഫ്റ്റ് സംവിധാനം ആദ്യഘട്ടങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും റോഡിനു വീതി ഇല്ലാത്തതു മൂലം ഉണ്ടായ അപകടങ്ങള്‍ കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, നിലവില്‍ ഫ്രീലെഫ്റ്റ് ഇല്ലെന്നു കാണിച്ചിട്ടുമില്ല. നിലവിലെ സാഹചര്യത്തില്‍ ബസുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ ഇവിടെ തിരിയുമ്പോള്‍ മറുവശത്തെ പാതയിലേക്കു കയറുന്നതാണ് ഇവിടെയുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം.
സിഗ്നല്‍ തെറ്റിച്ചുള്ള വലിയ വാഹനങ്ങളുടെ പോക്കും ഇവിടെ നിത്യകാഴ്ചയാണ്. നിലവിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകണമെന്നും റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.