കീരികളുടെ ആക്രമണം: കോഴിഫാമിലെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു
1224188
Saturday, September 24, 2022 11:04 PM IST
മുഹമ്മ: രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി വട്ടച്ചിറ വീട്ടിൽ സുനില്‍ കുമാറിന്റെ ഫാമിലാണ് സംഭവം. കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ലിറ്റി. എം. ചെറിയാൻ എത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കീരി പോലുള്ള ജീവികളുടെ ആക്രമണമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തുന്നത്.
സുനിലിന്റെ ഫാമിലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനിൽ പറഞ്ഞു.
എട്ട് കൊല്ലമായി കോഴിക്കൃഷി സുനിലിന്റെ ഉപജീവന മാർഗമാണ്. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ കോഴിക്കുഞ്ഞുങ്ങളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവു ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റും കർഷകസംഘം ഏരിയാ സെക്രട്ടറിയുമായ അഡ്വ. എം. സന്തോഷ് കുമാർ, മേഖലാ സെക്രട്ടറി എച്ച്. അഭിലാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.നഷ്ടപരിഹരം ലഭിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.