ജലാശയങ്ങളിൽ ദുഷിച്ച ജലവും അഴുകിയ മത്സ്യങ്ങളും
1223641
Thursday, September 22, 2022 10:28 PM IST
മങ്കൊമ്പ്: പുഞ്ചകൃഷിക്കു മുന്നൊരുക്കമായി പാടശേഖരങ്ങളിൽ പമ്പിംഗ് ആരംഭിച്ചതോടെ കുട്ടനാടൻ ജലാശങ്ങളിലെ മാലിന്യപ്രശ്നം രൂക്ഷമായി.
ജലാശയങ്ങളിലെ വെള്ളം പാത്രം കഴുകാൻ പോലും ഉപയോഗിക്കാൻ കഴിയാതെ ജനം വലയുകയാണ്. പാടശേഖരങ്ങളിൽനിന്നു പുറന്തള്ളുന്ന കച്ചി ചീഞ്ഞു ദുഷിച്ച വെള്ളത്തിനൊപ്പം അഴുകിയ മത്സ്യങ്ങളും ജലാശയങ്ങളിൽ നിറഞ്ഞൊഴുകുന്നതാണ് നാട്ടുകാർക്കിപ്പോൾ തലവേദനയാകുന്നത്. അഴുകിയ മീനുകൾ കലർന്നതോടെ വെള്ളത്തിനു കടുത്ത ദുർഗന്ധം അനുഭവപ്പെടുകയാണ്.
ദുർഗന്ധ പൂരിതം
ആറുകളുടെയും തോടുകളുടെയും സമീപത്തെ വീടുകളിൽ ദുർഗന്ധം മൂലം ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടനാട്ടിലെ കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ ഒരു പതിറ്റാണ്ടിലേറെയായി വാട്ടർ അഥോറിറ്റിയുടെ ശുദ്ധജലവിതരണം ഇല്ല.
കുടിക്കാനുള്ള വെള്ളം മാത്രം വിലകൊടുത്തു വാങ്ങുന്നവരാണ് ഈ പ്രദേശത്തുള്ളവർ. അവശേഷിക്കുന്ന ഗാർഹികാവശ്യങ്ങൾക്കെല്ലാം പൊതുജലാശയങ്ങളിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം ദുഷിച്ചതോടെ പാത്രം കഴുകാനും കുളിക്കാനുമെല്ലാം മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയാണുള്ളത്. മഴ നിലച്ചതോടെ കടുത്ത ശുദ്ധജലപ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
മാലിന്യം തള്ളൽ
പാടശേഖരത്തിൽനിന്നു പമ്പുചെയ്യുന്ന വെള്ളത്തിനൊപ്പം ചത്ത മത്സ്യങ്ങളാണധികവും തോടുകളിലേക്കും മറ്റും പുറന്തള്ളപ്പെടുന്നത്. നിരോധിക്കപ്പെട്ട മടവലകളും ചിലേടങ്ങളിൽ സജീവമാണ്. ഇത്തരം മടവലകളിൽ കുടുങ്ങുന്ന ചെറുമത്സ്യങ്ങൾക്ക് ആവശ്യക്കാരില്ലാത്തതിനാൽ ഇവയും പൊതുജലാശയങ്ങളിലേക്കു തള്ളുകയാണ് പതിവ്.
ഇതിനു പുറമേ കച്ചവടക്കാർ വിൽക്കാതെ വരുന്ന അഴുകിയ കടൽമത്സ്യങ്ങളും ആറ്റിലേക്കെറിയപ്പെടുന്നുണ്ട്. ഇങ്ങനെ എറിഞ്ഞ മത്സ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കിറ്റുകളിലാക്കിയ നിലയിൽ ഒഴുകി നടന്നിരുന്നു. ജലമലിനീകരണം തടയാൻ ത്രിതല പഞ്ചായത്തുകളോ ആരോഗ്യവകുപ്പോ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വേനൽക്കാലത്തേതു പോലെ പമ്പിംഗ് സമയങ്ങളിലെങ്കിലും ശുദ്ധജലവിതരണം നടത്താൻ റവന്യു വകുപ്പും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.