നവീൻ ബാബുവിന്റെ ദുരൂഹ മരണം : സിബിഐ അന്വേഷിക്കണം: ഡിസിസി പ്രസിഡന്റ്
1478194
Monday, November 11, 2024 4:40 AM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത മാറ്റുന്നതിനും എല്ലാ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരുന്നതിനും സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. മലയാലപ്പുഴ കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രധാന ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അറസ്റ്റ് വൈകിക്കുകയും ജാമ്യം ലഭിക്കുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ കപടനാടകം കളിക്കുകയായിരുന്നെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ടയിലെ സിപിഎം നേതാക്കളെക്കൊണ്ട് നവീന്‍ ബാബുവിന്റെ കുടുംബത്തിനുവേണ്ടി പ്രസ്താവന നടത്തുകയും കണ്ണൂരിലെ സിപിഎം നേതാക്കള്‍ ദിവ്യക്കുവേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം എന്ന പതിവു സമീപനം സിപിഎം സ്വീകരിച്ചിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ഹരികുമാര്‍ പൂതങ്കര, ഡിസിസി അംഗങ്ങളായ പി.കെ. ഗോപി, ജയിംസ് കീക്കരിക്കാട്, ഇ.കെ. സത്യവൃതന്‍, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.സി. ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.