നവീന്‍ ബാബുവിന്റെ നാട്ടിലെ സിപിഎം സമ്മേളനത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ രൂക്ഷവിമര്‍ശനം
1478193
Monday, November 11, 2024 4:40 AM IST
പത്തനംതിട്ട: കണ്ണൂര്‍ എംഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള വിഷയങ്ങളില്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ പാര്‍ട്ടി കോന്നി ഏരിയാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. നവീന്‍ ബാബുവിന്റെ നാടായ മലയാലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി.പി. ദിവ്യക്കെതിരേ നടപടി വൈകിപ്പോയെന്ന ആക്ഷേപം ഉയര്‍ന്നത്.
പി.പി. ദിവ്യക്കെതിരായ നടപടി വൈകിയതിലൂടെ പൊതുജന മധ്യത്തില്‍ സിപിഎമ്മിന് അവമതിപ്പുണ്ടാക്കിയതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആദ്യംതന്നെ ദിവ്യക്കെതിരേ സിപിഎം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ജനം കൂടുതല്‍ പാര്‍ട്ടിയെ വിശ്വസിക്കുമായിരുന്നു. എന്നാല്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈ വിഷയത്തില്‍ എടുത്ത നിലപാട് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുഖം രക്ഷിച്ചെന്നും പ്രതിനിധികള്‍ പറഞ്ഞു.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പേര് എടുത്ത് പറഞ്ഞു പ്രതിനിധികള്‍ അനുമോദിച്ചു. എന്നാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയതായി പ്രതിനിധികള്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉറച്ച നിലപാടാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കി നടപടികളിലേക്കു നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് നവീന്‍ ബാബുവിന്റെ നാട്ടില്‍ നടന്ന സമ്മേളനം ശ്രദ്ധിക്കപ്പെടുന്നത്.
പാര്‍ട്ടിയിലെ ശക്തമായ കണ്ണൂര്‍ ലോബിയുടെ പിന്തുണയുള്ള പി.പി. ദിവ്യക്കെതിരായ പ്രവര്‍ത്തകരുടെ പൊതുവികാരമാണ് ജില്ലയില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പ്രതിഫലിച്ചത്. നവീന്റെ നാട്ടില്‍നിന്നുള്ള സിഐടിയു സംസ്ഥാന സമിതി അംഗമായ മലയാലപ്പുഴ മോഹനന് വിഷയത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഒരു ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വത്തെതന്നെ ചോദ്യം ചെയ്യാന്‍ സിപിഎം ജില്ലയിലെ മുതിര്‍ന്ന നേതാവായ മോഹനന് തയാറായി.
അടിയുറച്ച പാര്‍ട്ടി കുടുംബമായ നവീന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെയുള്ള സിപിഎം നേതാക്കളെല്ലാം ഒഴുകിയെത്തിയതു തങ്ങള്‍ ഒപ്പമുണ്ടെന്ന തോന്നല്‍ കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്കാനായെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.