കെഎസ്ആര്‍ടിസി പമ്പ സര്‍വീസിന് പുതിയ ബസില്ല
1478185
Monday, November 11, 2024 4:40 AM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസി പമ്പ സ്പെഷല്‍ സര്‍വീസുകള്‍ക്ക് ഇക്കുറി പുതിയ ബസുകളില്ല. വിവിധ ഡിപ്പോകളില്‍നിന്നുള്ള ബസുകള്‍ പമ്പ സര്‍വീസിനായി മാറ്റിയിരിക്കുകയാണ്. തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 200 ബസുകളും എത്തും. നട തുറക്കുന്ന ദിവസം 150 ബസുകളെത്തും. 50 ബസുകള്‍കൂടി പിന്നാലെ എത്തിക്കും. മൂന്ന് മിനിട്ട് ഇടവേളകളില്‍ ചെയിന്‍ സര്‍വീസ് നടത്താനാണ് നിര്‍ദേശം.
15 വര്‍ഷം കാലാവധിയിലെത്തിയ ബസുകളാണധികവും പമ്പ സര്‍വീസിനായി നീക്കിവച്ചിരിക്കുന്നത്. ചെയിന്‍ സര്‍വീസ് ബസുകളേറെയും സിറ്റി സര്‍വീസുകളായി ഓടുന്നവയാണ്.അന്തര്‍ സംസ്ഥാന സര്‍വീസുകളടക്കം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസുകള്‍ ഉണ്ടാകും.
കാലാവധി കഴിഞ്ഞ ബസുകളും കെഎസ്ആര്‍ടിസിയില്‍
കേന്ദ്രനിയമപ്രകാരം 15 വര്‍ഷമാണ് ബസുകളുടെ കാലാവധി. കാലാവധി കഴിഞ്ഞാല്‍ സര്‍വീസ് ബസുകള്‍ നിരത്തുകളില്‍നിന്ന് ഒഴിവാക്കി പൊളിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി 15 വര്‍ഷം കഴിഞ്ഞ 1,117 ബസുകളുടെ കാലാവധി കഴിഞ്ഞയിടെയാണ് രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയെടുത്തത്.
അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഇവ പമ്പ സര്‍വീസിനായി എത്തിക്കുന്നത്. നിലവില്‍ വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളാണിവ.
ഡിപ്പോകള്‍ക്ക് ബസ് അനുവദിച്ചു
പമ്പ സ്പെഷല്‍ സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി പ്രധാന ഡിപ്പോകളിലേക്ക് ബസുകള്‍ അനുവദിച്ചു. പമ്പയില്‍ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 200 ബസുകള്‍ ക്രമീകരിക്കും. ഇതര ദീര്‍ഘദൂര ബസുകള്‍ അതത് ഡിപ്പോകള്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വീസ് നടത്തുക.
ചെങ്ങന്നൂര്‍ - 70, പത്തനംതിട്ട - 23, എരുമേലി - 18, കോട്ടയം - 40, എറണാകുളം - 30, കൊട്ടാരക്കര - 20, തിരുവനന്തപുരം സെന്‍ട്രല്‍ - എട്ട്, കുമളി - 17, കായംകുളം - രണ്ട്, അടൂര്‍ - രണ്ട്, തൃശൂര്‍ - രണ്ട്, പുനലൂര്‍ - പത്ത് എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ നല്‍കിയിരിക്കുന്നത്.
40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്റ്റേഷനില്‍നിന്നും 10 കിലോമീറ്ററിനകത്തുനിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെച്ചെന്നു ഭക്തരെ കയറ്റും.