331-ാമത്തെ വീടു നല്കി ഡോ. സുനില്‍
1478159
Monday, November 11, 2024 4:24 AM IST
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നല്കുന്ന 331- ാമത് സ്നേഹഭവനം സഹോദരിമാരായ എമി ജോര്‍ജ്, റേച്ചല്‍ ജോര്‍ജ് എന്നിവരുടെ സഹായത്താല്‍ അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്ക പള്ളിക്ക് പുറകുവശം ചിറയില്‍ പറമ്പില്‍ ഷിജിക്കും കുടുംബത്തിനുമായി നിര്‍മിച്ചു നല്കി.
വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും എമിയുടെയും റേച്ചലിന്റെയും മാതാവായ റീത്താമ്മ ജോര്‍ജ് നിര്‍വഹിച്ചു. അര്‍ബുദരോഗ ബാധിതയായ ഷിജി ചികിത്സയ്ക്കുപോലും സാഹചര്യമില്ലാതെ കൂലി വേലക്കാരനായ ഷൈജനും മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ എട്ടു പേരടങ്ങിയ കുടുംബത്തോടൊപ്പം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു താമസിച്ചിരുന്നത്.
നിത്യവൃത്തിക്കും ചികിത്സയ്ക്കുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരില്‍ക്കണ്ട് മനസിലാക്കിയ ടീച്ചര്‍ ഇവര്‍ക്കായി 650 ചതുരശ്ര അടി വലിപ്പമുള്ള വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലില്ലി ജോയ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ജയലാല്‍, മറിയാമ്മ മാളിയേക്കല്‍, പെണ്ണമ്മ സ്റ്റീഫന്‍, സ്റ്റീഫന്‍ തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.