കൊടുമണ്ണില്‍ റോഡ് പുനര്നിര്മാണോദ്ഘാടന ചടങ്ങില്‍ എംപിയെ ഒഴിവാക്കി
1478157
Monday, November 11, 2024 4:24 AM IST
കൊടുമണ്‍: റോഡ് പുനര്‍നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍നിന്നും ആന്റോ ആന്റണി എംപിയെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപം.കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പാണൂര്‍ - ചക്കിമുക്ക് റോഡ് നിര്‍മാണത്തിന് 2014 ല്‍ ആന്റോ ആന്റണി എംപിയുടെ ശ്രമഫലമായി കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയില്‍ 5.7 കോടി രൂപ അനുവദിച്ച് പണി ആരംഭിച്ചിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥമൂലം പണി മുടങ്ങി. റോഡിന്റെ നിര്‍മാണം ഇപ്പോള്‍ പുനരാരംഭിക്കുകയാണ്. നിര്‍മാണോദ്ഘാടന ചടങ്ങില്‍ എംപിയെ പങ്കെടുപ്പിക്കാന്‍ സിപിഎം ഭരിക്കുന്ന കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പദ്ധതിയുടെ നടത്തിപ്പിന് തടസം സൃഷ്ടിച്ചത് ഉദ്യോഗസ്ഥരായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഒരു പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിച്ചത്. റോഡിന്റെ പുനര്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ച് അഞ്ചുവര്‍ഷത്തെ ഗാരണ്ടിയോടെ റോഡ് പുനര്‍നിര്‍മിക്കുന്നതിന് ഇപ്പോള്‍ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഓരോ സംസ്ഥാനത്തും ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തിനായി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവലപ്മെന്റ് ഏജന്‍സി എന്നിരിക്കേ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് എല്‍ഡിഎഫിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടാണ് റോഡ് പുനര്‍നിര്‍മാണമെന്ന് വരുത്തിത്തീര്‍ത്ത് പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പന്തളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആര്. ജിതേഷ് കുമാര്‍, രേവമ്മ വിജയന് എന്നിവര്‍ പ്രസംഗിച്ചു.