"പാലക്കാട് എന്ന സ്നേഹവിസ്മയം' സിപിഎം പേജില്‍; യൂത്ത് കോണ്‍ഗ്രസിനെ പഴിച്ച് ജില്ലാ സെക്രട്ടറി
1478156
Monday, November 11, 2024 4:24 AM IST
പത്തനംതിട്ട: "പാലക്കാട് എന്ന സ്നേഹ വിസ്മയം' അടിക്കുറിപ്പോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകളില്‍ വോട്ടു ചോദിക്കുന്ന ദൃശ്യം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രചരിച്ച സംഭവം പാര്‍ട്ടിയെ വെട്ടിലാക്കി.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഫേസ് ബുക്ക് പേജില്‍ വന്ന വീഡിയോ ഒഴിവാക്കിയെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്താന്‍ ജില്ലാ സെക്രട്ടറി നിര്‍ബന്ധിതനായി.
ഇത് വ്യാജ അക്കൗണ്ടാണെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആദ്യം പറഞ്ഞു നോക്കിയെങ്കിലും ഔദ്യോഗിക പേജ് തന്നെയെന്നു പിന്നീട് വ്യക്തമായതോടെ ഹാക്ക് ചെയ്തതാണെന്ന നിലയിലേക്ക് വിശദീകരണം മാറ്റി. പേജ് ഹാക്ക് ചെയ്തതിനെതിരേ ജില്ലാ പോലീസ് മേധാവിക്കു പരാതിയും നല്കി.
രാഹുലിനെ പഴിച്ച് ഉദയഭാനു
സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതിനു പിന്നില്‍ രാഹുല്‍ മാങ്കൂട്ടമാണെന്ന് കെ.പി. ഉദയഭാനു പറഞ്ഞു. രാഹുലിനെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താമസിയാതെ ഈ പേജ് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളില്‍ എത്തുകയും വാര്ത്തയാകുകകയും ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയും അദ്ദേഹം ആരോപിച്ചു. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വ്യാജന് ഇപ്പോള്‍ ഹാക്കറുമായി
വിഷയം വലിയ ചര്‍ച്ചയായതോടെ വ്യാജന് ഇപ്പോള്‍ ഹാക്കറുമായി എന്ന് സിപിഎം ജില്ലാ സെക്രട്ടറി ഫേസ്ബുക്കില്‍കുറിച്ചു. "യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയവരാണ് രാഹുലും സംഘവും. അവര്‍ തന്നെയാകും എഫ്ബി പേജ് ഹാക്ക് ചെയ്തത്. സാങ്കേതികമായി എഫ്ബി പേജില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന ആളുകളെ ഉപയോഗിച്ചു ചെയ്തതാണ്. ഇതേപ്പറ്റി പാര്‍ട്ടി വിശദമായി പരിശോധിക്കും.
സ്വന്തം വാര്ഡില്നിന്നാല് പോലും രാഹുല്‍ ജയിക്കില്ല. സ്വന്തം നാട്ടിലെ ജനങ്ങളുമായി യാതൊരു ബന്ധവും രാഹുലിനില്ല. സ്വന്തം നാട്ടില്‍ ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ യാതൊരു അംഗീകാരവും രാഹുലിന് ഇല്ല.
കൃത്രിമ കാര്‍ഡുണ്ടാക്കിയാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയതെന്നും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ നേതാവകുന്നതെന്നും ഉദയഭാനു കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സിപിഎം പിന്തുണച്ചു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയ വിവരവും ഉദയഭാനു ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
ഫേസ് ബുക്കില്‍ വന്നത് പാര്ട്ടിനിലപാടിലെ പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ്
പത്തനംതിട്ട: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സരിനെ ഉള്‍ക്കൊള്ളാനാകാത്ത പ്രതിഷേധം കൂടിയാണ് പത്തനംതിട്ട ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രകടിപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്. യഥാര്‍ഥ കമ്യൂണിസ്റ്റുകാരായ പ്രവര്‍ത്തകരുടെ വികാരമാണ് പത്തനംതിട്ടയിലെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സരിനെതിരേയുള്ള പ്രതിഷേധം അറിയിച്ചതെങ്കില്‍ പാലക്കാട്ട് സിപിഎം പ്രവര്‍ത്തകര്‍ ബാലറ്റിലൂടെ അത് തെളിയിക്കും.
സ്വന്തം സ്ഥാനാര്‍ഥിയെപ്പോലും കണ്ടെത്താന്‍ ആകാത്ത സിപിഎമ്മിലെ വലിയൊരു വിഭാഗത്തിന്റെ ആഗ്രഹമാണ് ഫേസ്ബുക്ക് പേജില്‍ പ്രകടിപ്പിച്ചത്.നാട്ടുകാരനായ രാഹുല്‍ മാങ്കട്ടത്തില്‍ പാലക്കാട്ടു ജയിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ജില്ലാ സെക്രട്ടറിയെന്നും വിജയ് ഇന്ദുചൂഡന് പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റാരോപിതയായ പി.പി. ദിവ്യയെ സഹായിക്കുന്ന സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള നീരസവും പത്തനംതിട്ടയിലെ പാര്‍ട്ടിക്കുണ്ട്. ഇതെല്ലാം ജനങ്ങള്‍ക്കു വ്യക്തമായ സ്ഥിതിക്ക് ഇപ്പോള്‍ ഹാക്കിംഗെന്നു പറയുന്നത് നാണക്കേടാകും.
പിണറായി വിജയന്റെ ധിക്കാരത്തില്‍ മനംമടുത്ത പ്രവര്‍ത്തകര്‍ പരസ്യമായി അഭിപ്രായം പറഞ്ഞാല്‍ കുലംകുത്തി ആകുമോ എന്നു ഭയന്നാണ് ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയതെന്നും വിജയ് ഇന്ദുചൂഡന് പറഞ്ഞു.