പത്തനംതിട്ട ചലച്ചിത്രപൂരം ഇന്നു സമാപിക്കും
1477897
Sunday, November 10, 2024 4:27 AM IST
പത്തനംതിട്ട: വൻ ജനപങ്കാളിത്തത്തിൽ അരങ്ങേറിയ പത്തനംതിട്ടയുടെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നു സമാപനം. ഇതാദ്യമായി പത്തനംതിട്ട നഗരത്തിൽ ഒരുക്കിയ ചലച്ചിത്ര പൂരത്തെ ആസ്വാദക പങ്കാളിത്തം വൻവിജയമാക്കി മാറ്റിയിരിക്കുകയാണ്. മനുഷ്യ ജീവിതം ചാലിച്ചെഴുതിയ ചിത്രങ്ങൾ ഭാഷാഭേദമില്ലാതെ ജനഹൃദയം കീഴടക്കി. സിനിമ കണ്ടും ആസ്വദിച്ചും ചർച്ച ചെയ്തും പലയിടങ്ങളിൽനിന്ന് എത്തിയ മനുഷ്യർ ചലച്ചിത്രമേളയുടെ കുടക്കീഴിൽ ഒന്നായി.
റഷ്യൻ ചിത്രം ബാറ്റിൽഷിപ്പ് പോട്ടംകിൻ, പത്തനംതിട്ടക്കാരൻ സുനിൽ മാലൂരിന്റെ വലസൈപറവകൾ എന്നിവ രാവിലത്തെ ശ്രദ്ധാ കേന്ദ്രങ്ങളായി. ഗെറ്റിങ് ഹോം, ഏക് ദിൻ അചാനക്, അമൂർ, വാസ്തുഹാര,നന്മകൾ നേരത്ത് മയക്കം, കപെർനിയം, നവംബറിന്റെ നഷ്ടം, മെർകു തൊഡർചി മലൈ, കോൺഗ്രനേറ്റ് ഓർ രണ്ടാം പ്രദർശനം എന്നിവ നടന്നു.
വൈകുന്നേരം പ്രദർശിപ്പിച്ച ഡോ. ബിജുവിനെ അദൃശ്യജാലകങ്ങൾ, പത്മരാജൻ ചിത്രം നവംബറിന്റെ നഷ്ടം, കെ.ജി ജോർജിന്റെ യവനിക എന്നിവയ്ക്കൊപ്പം കിം കി ഡൂക്ക് ചിത്രം സ്പ്രിംഗ്, സമ്മർ, ഫോൾ, വിന്റർ ആൻഡ് സ്പ്രിംഗിന്റെ രണ്ടാം പ്രദർശനവും ആസ്വാദകപങ്കാളിത്തം കൊണ്ട് വൻ വിജയമായി.
മുതിർന്ന ചലച്ചിത്രകാരന്മാരും സിനിമാ വിദ്യാർഥികളും ഒരുപോലെ ആസ്വാദകരായി എത്തി മനുഷ്യനെ ഒന്നാക്കുന്ന കലയുടെ സംസ്കാരം നഗരത്തിന് പകർന്നു. സംവിധായകരോടും അണിയറ പ്രവർത്തകരോടും വിയോജിപ്പുകൾ തുറന്നുപറഞ്ഞും അഭിനന്ദിച്ചും സെൽഫിയെടുത്തും കാണികൾ സിനിമയുടെ ഭാഗമായി. ഓപ്പൺ ഫോറത്തിലും സെമിനാറിലും നടന്ന ചൂടുപിടിച്ച രാഷ്ട്രീയ സംവാദങ്ങൾ മേളയുടെ രണ്ടാം ദിവസത്തെ സന്പൂർണമാക്കി.
സമാപന സമ്മേളനം
പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷൻ സമാപന സമ്മേളനം ഐശ്വര്യ തിയേറ്ററിൽ ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, സംവിധായകൻ ഡോ. ബിജു എന്നിവർ അതിഥികളാകും. ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, സംഘാടകസമിതി മെംബർ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പങ്കെടുക്കും.
ഇന്നത്തെ ചലച്ചിത്രങ്ങൾ
ട്രിനിറ്റി സ്ക്രീൻ 2: ടേസ്റ്റ് ഓഫ് ചെറി (രാവിലെ 9.30) ബി 32 മുതൽ 44 വരെ (രാവിലെ 11.30 ) അദൃശ്യജാലകങ്ങൾ (ഉച്ചകഴിഞ്ഞ് 2.15)
ട്രിനിറ്റി സ്ക്രീൻ 3: മാൻഹോൾ (9.30 ), മഹാനഗർ (11.15), വലസൈ പറവകൾ (2.30)
രമ്യ: ദ പിയാനിസ്റ്റ് (9.30 ) അനന്തരം (2.00)
ടൗൺ ഹാൾ: ദ ലഞ്ച് ബോക്സ് (9.30 ) സെമിനാർ (11.30 ) കോർട്ട് (2.30).