കാട്ടാന ശല്യം : ചിറ്റാറിൽ എംപിയുടെ നേതൃത്വത്തിൽ ബഹുജന സമരം; പൊതുനിരത്തിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് നശിപ്പിച്ചു
1460664
Saturday, October 12, 2024 2:22 AM IST
ചിറ്റാർ: ചിറ്റാർ 86, ഡെൽറ്റാപ്പടി ഭാഗത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജനവാസ മേഖലയിൽ ആനത്താര സൃഷ്ടിച്ച് കിഴക്കൻ മലയോര മേഖലയെ തകർക്കുന്ന വനംവകുപ്പിന്റെ നടപടി പിൻവലിക്കുക, അന്യായമായി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് നീക്കം ചെയ്യുക, കാട്ടാനകളെ നിയന്ത്രിക്കാൻ സോളാർ വേലികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ചിറ്റാർ, സീതത്തോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ സംഘടിപ്പിച്ച ധർണ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റുകാർ സ്ഥാപിച്ച ആനത്താരാ മുന്നറിയിപ്പ് ബോർഡുകൾ എംപി പിഴുതെറിഞ്ഞു. ആന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങാതെ നോക്കേണ്ട വനപാലകർ അവയ്ക്കു നാട്ടിൽ യഥേഷ്ടം സഞ്ചരിക്കാൻ വഴികൾ ഒരുക്കുന്ന കാഴ്ചയാണ് ഇവിടെയുണ്ടായതെന്ന് ആന്റോ ആന്റണി പറഞ്ഞു.
ഈ വിഷയത്തിൽ സൗരോർജവേലി സ്ഥാപിച്ചു പരിഹാരം കാണാമെന്ന് റാന്നി ഡിഫ്ഒ നൽകിയ ഉറപ്പ് അടിയന്തരമായി നടപ്പിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ചിറ്റാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി ചള്ളയ്ക്കൽ അധ്യക്ഷത വഹിച്ചു. സീതത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രതീഷ് കെ. നായർ, ഡിസിസി അംഗം മാത്യു കല്ലേത്ത്, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ, ജോയൽ മാത്യു, കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, രവി കണ്ടത്തിൽ, ഷമീർ തടത്തിൽ, വസന്ത് ചിറ്റാർ, ബഷീർ വെള്ളത്തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചിറ്റാർ സിഎച്ച്സി പടിക്കൽനിന്ന് ആരംഭിച്ച മാർച്ചിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജുകുട്ടി തെക്കേൽ, ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ്, ജോളി, കോൺഗ്രസ് നേതാക്കളായ ജോസ് പുരയിടം, അബ്ദുൽ റസാക്ക്, പ്രസാദ്, എം.ആർ. ശ്രീധരൻ, കെ.പി.എസ്. നായർ, സജി ചേന്നങ്കര, സെലീന, മിനി രാജേന്ദ്രൻ, ജോളി, ഷിജി നൗഷാദ്, ജിബിൻ എബ്രഹാം വർഗീസ്, ഷിനു മാത്യു, സാമോൻ തുടങ്ങിയവർ നേതൃത്വം നൽകി.