ലോക ഭക്ഷ്യദിനാചരണം: ഭക്ഷ്യവിഭവം, പോസ്റ്റര്‍ മത്സരം
1459895
Wednesday, October 9, 2024 6:29 AM IST
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കെവികെയുടെ സംരംഭകരുടെയും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംരംഭകരുടെയും ഉത്പന്നങ്ങളുടെ പ്രദര്‍ശനം 16,17 തീയതികളില്‍ തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗറില്‍ സംഘടിപ്പിക്കും. ഈ ദ്വിദിന പരിപാടിയില്‍ മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ലോകഭക്ഷ്യദിനം 2024 ആശയമായ "എല്ലാവര്ക്കും മെച്ചപ്പെട്ട ജീവിതത്തിനും നല്ല ഭാവിക്കും ഭക്ഷണത്തിനുമായുള്ള അവകാശം' എന്ന വിഷയത്തില്‍ പോസ്റ്റര്‍ മത്സരവും നൂതന ഭക്ഷ്യവിഭവങ്ങളുടെ മത്സരവും സംഘടിപ്പിക്കും.
16ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് മുതിര്‍ന്നവര്‍ക്കായുള്ള പോഷക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും. ഇതില്‍ പങ്കെടുക്കുന്നതിന് 15 വരെ അപേക്ഷിക്കാം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകള്‍ അവതരണരീതി എന്നിവയാണ് മൂല്യനിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍. ലോക ഭക്ഷ്യദിനമായ 17നു രാവിലെ പത്തിനാണ് കുട്ടികള്‍ക്കായുള്ള പോഷക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും.
പോസ്റ്റര്‍ രചനാ മത്സരത്തിലും പോഷക ഉത്പന്നങ്ങളുടെ മത്സരത്തിലും പങ്കെടുക്കുന്നതിന് താത്പര്യമുള്ള വിദ്യാർഥികളുടെ പേര് വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ 15 ന് മുന്‍പായി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ടു നൽകണം.
ഓരോ സ്കൂളില്‍നിന്നും പരമാവധി അഞ്ച് കുട്ടികള്‍ക്കുവീതം പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 8078572094, 9961254033 . ഈമെയില്‍ വിലാസം [email protected], [email protected]