എയ്ഡഡ് അധ്യാപകരുടെ ശമ്പളം മുടക്കുന്ന ഉത്തരവ് വിചിത്രമെന്ന് സംഘടനകൾ
1458729
Friday, October 4, 2024 2:28 AM IST
പത്തനംതിട്ട: ദീര്‍ഘനാളത്തെ സമര പോരാട്ടത്തിന്റെ ഭാഗമായി 2013 ജനുവരി 16ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരിക്ക് സെല്‍ഫ് ഡ്രോയിംഗ് പദവി നല്കി ഇറക്കിയ ഉത്തരവ് ഒരു പതിറ്റാണ്ടിനുശേഷം തിരുത്തുന്നത് വിചിത്രമെന്ന് അധ്യാപക സംഘടനകൾ.
ഈമാസം മുതല്‍ എയ്ഡഡ് അധ്യാപകരുടെ പ്രതിമാസ ശമ്പള ബില്ലില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മേലൊപ്പ് ഇടണമെന്ന ഉത്തരവാണ് ഇറങ്ങിയിട്ടുള്ളത്. എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളം തടസപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കുന്നതിനും രാഷ്ട്രീയ താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനുംവേണ്ടിയാണ് പുതിയ ഉത്തരവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ട്രഷറികള്‍ ഡിജിറ്റൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള അനുമതിയും നല്‍കിയതോടെ സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി അധ്യാപകര്‍ക്ക് സമയത്ത് ബില്ലുകള്‍ മാറിയെടുക്കാന്‍ കഴിഞ്ഞിരുന്നു. ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞാനുവര്‍ത്തികളായി മാറുക എന്നതാണ് ഈ പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് എഎച്ച്എസ്ടിഎ കുറ്റപ്പെടുത്തി.
ഇന്‍ക്രിമെന്റുകള്‍, ഗ്രേഡുകള്‍ എന്നിവ പാസാക്കുന്നതില്‍ അകാരണമായ കാലതാമസം വരുത്തുന്ന ചില ഓഫീസുകളില്‍ ഈ ഉത്തരവ് അധ്യാപകരെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കും.
അമിത ജോലിഭാരം മൂലം ജീവനക്കാരെയും അധ്യാപകരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍, പുതിയ ഉത്തരവിലൂടെ കൂടുതല്‍ ജോലിഭാരം പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരിലും അടിച്ചേല്‍പ്പിക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് പി. ചാന്ദിനി, ജനറല്‍ സെക്രട്ടറി ഡോ. അനിത ബേബി എന്നിവർ ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽമാരുടെ അധികാരം പുനഃസ്ഥാപിക്കണം: എൻവിഎൽഎ
പത്തനംതിട്ട: എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകളും ഇതര ബില്ലുകളും പാസാക്കുന്നതിന് പ്രിൻസിപ്പൽമാർക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരായി പുനഃപരിശോധിക്കണമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സ്പാർക്ക് മുഖേന ബില്ല് മാറുന്പോൾ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്താൻ കഴിയുമെന്നു പറയുന്നത് അബദ്ധജഡിലമാണെന്ന് എൻവിഎൽഎ അഭിപ്രായപ്പെട്ടു. സ്പാർക്ക് മുഖേന ശന്പളം പാസാക്കിയെടുത്തതിൽ കേരളത്തിൽ ഒരിടത്തുപോലും യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും നടന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.
നിരവധി സംവിധാനങ്ങളെ മറികടന്ന് ട്രഷറികളിൽ നിന്നും ധനകാര്യ വകുപ്പ് ജീവനക്കാർ കോടിക്കണക്കിനു രൂപ കളവുചെയ്തതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുന്നതിനു പകരം എയ്ഡഡ്സ്കൂൾ പ്രിൻസിപ്പൽമാരെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
കൃത്യമായി മാറുന്ന ശമ്പളം തടസപ്പെടുത്തുവാനും പ്രിൻസിപ്പൽമാരുടെ അധികാരം വെട്ടിച്ചുരുക്കാനും ജില്ലാ ഓഫീസുകളിൽ ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കാനും മാത്രമേ ഈ ഉത്തരവ് കൊണ്ട് സാധിക്കുകയുള്ളൂ.
ഉത്തരവ് റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻവിഎൽഎ സംസ്ഥാന സെക്രട്ടറി റോജി പോൾ ഡാനിയേൽആവശ്യപ്പെട്ടു.
അശാസ്ത്രീയ നടപടിയെന്ന് കെപിഎസ്ടിഎ
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷകരെന്ന് മേനി നടിക്കുകയും അനുദിനം അശാസ്ത്രീയ പരിഷ്കാരങ്ങൾ മേഖലയിൽ നടപ്പാക്കുകയും ചെയ്യുന്ന ഇടതുസർക്കാർ നാടിനു ബാധ്യതയെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ ഏറ്റവും ഉചിതമായ നടപടിയായിരുന്നു എയ്ഡഡ് സ്കൂൾ മേലധികാരികളെ സെൽഫ് ഡ്രോയിംഗ് ഓഫീസർമാരായി നിയമിച്ചത്.
ശമ്പള ബിൽ അനുമതിക്കായി എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകർ എഇഒ, ഡിഇഒ, ആർഡിഡി ഓഫീസുകൾ കയറിയിറങ്ങുക എന്ന പഴയ അശാസ്ത്രീയ നയം പുനാരാവിഷ്കരിക്കുന്നതിലൂടെ നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ നിന്നും താത്കാലിക രക്ഷപെടലിനുള്ള ഗൂഢതന്ത്രമാണ് സർക്കർ മെനയുന്നത്.
സംസ്ഥാനത്ത് നാല്പതോളം എഇഒ തസ്തികകളും 400 പ്രഥമാധ്യാപക ഒഴിവുകളും ഒന്നാം ടേം കഴിഞ്ഞിട്ടും നികത്താൻ താത്പര്യം കാട്ടാത്ത സർക്കാർ അനുദിനം വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത വളർത്തുകയാണെന്നും ജില്ലാ സമിതി കുറ്റപ്പെടുത്തി.
ശമ്പളം വൈകിപ്പിക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാത്ത പക്ഷം നീതി ലഭിക്കാൻ കോടതിയെ സമീപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്.പ്രേം എന്നിവർ അറിയിച്ചു.