മാലിന്യരഹിത കേരളം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
1458531
Thursday, October 3, 2024 2:25 AM IST
പത്തനംതിട്ട: കേരളത്തെ മാലിന്യരഹിതമാക്കാനുള്ള ദൃഢ നിശ്ചയത്തിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി വീണാ ജോർജ്. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിന് ജില്ലാതല ഉദ്ഘാടനം ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനം നേരിടുന്ന പ്രാധാനപ്പെട്ട വെല്ലുവിളികളിലൊന്നായ മാലിന്യസംസ്കരണത്തെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല മേഖലകളിലും നമ്മള് ഏറ്റവും മുന്നിലാണ്. മാലിന്യ സംസ്കരണമേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറെക്കൂടി മുന്നേറേണ്ടതുണ്ട്.
ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ മാര്‍ച്ച് 30 ഓടെ മാലിന്യമുക്തിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ട ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും പൊതുജനങ്ങളും ചേര്‍ന്ന വലിയ പരിപാടികളാണ് നടത്തുന്നത്. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നു തിരിച്ചറിഞ്ഞുകൊണ്ട് ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരെ ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ സ്ഥാപിച്ച ഗോബര്ധന് ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു.
നാഷണല്‍ സര്‍വീസ് സ്കീം, ബാന്‍ഡ്, ഹരിതകര്‍മ സേന, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അണിനിരന്ന ശുചിത്വ സന്ദേശ റാലി ചെന്നീര്‍ക്കര ഐടിഐയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. രശ്മി മോള് ജനകീയ കാന്പെയിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ജെ. ഇന്ദിരാദേവി, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ നിഫി എസ്. ഹഖ് തുടങ്ങിയവർ പ്രസംഗിച്ചു.