മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ക്കെതിരേ കേസ്
1453414
Sunday, September 15, 2024 3:03 AM IST
പത്തനംതിട്ട: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വന്ന പോസ്റ്റില്‍ അപകീര്‍ത്തികരമായി കമന്റിട്ടയാളെ കണ്ണൂര്‍ സൈബര്‍ ഡിവിഷന് സൈബര്‍ പട്രോളിംഗ് സംഘം കണ്ടെത്തി. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിര്‍മാല്യം വീട്ടില്‍ ബിനുകുമാറിനെതിരേയാണ് (52) കേസ്. കീഴുവായ്പൂര് പോലീസ് തുടര്‍നടപടി സ്വീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ചുവരവേ, ഓഗസ്റ്റ് ഒന്നിന് രാവിലെ 10.29 ന് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുംവിധവും സാമൂഹികസ്പര്ധയുണ്ടാകുന്ന തരത്തിലും അസഭ്യവാക്കുകള്‍ ചേര്‍ത്തും ഭീഷണിയുയര്‍ത്തിയും എഴുതിയിട്ട കമന്റ് കണ്ണൂര്‍ സൈബര്‍ ഡിവിഷന് സൈബര്‍ പട്രോളിംഗ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇതു നടപടികള്‍ക്കായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഇന്നലെ കൈമാറി.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന് കേസെടുക്കുകയായിരുന്നു.