എഇഒ, പ്രഥമാധ്യാപക പ്രമോഷൻ വൈകുന്നു: വിദ്യാഭ്യാസ മേഖല നാഥനില്ലാക്കളരി
1452914
Friday, September 13, 2024 2:51 AM IST
പത്തനംതിട്ട: പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരു ടേം പൂർത്തിയായിട്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രഥമാധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ നടത്താൻ സർക്കാർ തയാറാകുന്നില്ലെന്ന് ആക്ഷേപം.
വിദ്യാലയങ്ങളുടെ ചുമതലയുള്ള പ്രഥമാധ്യാപകരും ഉപജില്ലകളിൽ എഇഒമാരുമില്ലാതെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾതന്നെ താളം തെറ്റുകയാണ്. ധാരാളം വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകരില്ലാതെ അനാഥാവസ്ഥയിലാണ്. ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് എഇഒ മാരും അനിവാര്യമാണ്.
ആർറ്റിഇ ആക്ട് പ്രകാരം വിദ്യാർഥികൾക്കു ലഭിക്കേണ്ട ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് വിദ്യാഭ്യാസ ഓഫീസർമാരുടെ സാന്നിധ്യം അനിവാര്യമാണെന്നിരിക്കേ ഒഴിവുകൾ നികത്താത്ത സർക്കാർ നടപടി വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ്.
പ്രമോഷൻ കാത്തിരിക്കുന്ന അധ്യാപകരുടെ സർവീസ് ആനുകൂല്യങ്ങളും കുട്ടികളുടെ ഭാവിയെയും കരുതി അടിയന്തരമായി പ്രമോഷൻ നടത്തണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നയിച്ച് മുന്നോട്ടു പോകാൻ പ്രധാനാധ്യാപകരും ഉപജില്ലകളിൽ സൂപ്പർവിഷൻ നടത്താൻ എഇഒ മാരുമില്ലാതെ ഗുണനിലവാരത്തെക്കുറിച്ച് സംസാരിക്കുന്ന സർക്കാർ പൊതുവിദ്യാഭ്യാസത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
ഒരു വശത്ത് നാസ് പരീക്ഷയുടെ പേരിൽ അധ്യയനം ആകെ തകിടം മറിക്കുന്ന തരത്തിൽ എസ്എസ്കെയുടെ നേതൃത്വത്തിൽ നടത്തുന്ന സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, മറുവശത്ത് ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ. വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമാക്കിയ രാജ്യത്താണ് നാഥനില്ലാക്കളരിയായി വിദ്യാലയങ്ങൾ തുടരുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് തിരിച്ചറിയണമെന്നും കെപിഎസ്ടിഎ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. പ്രേം, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വർഗീസ് ജോസഫ് , വി.ജി. കിഷോർ, എസ്. ചിത്ര, കൗൺസിലർമാരായ എസ്. ദിലീപ്കുമാർ, സി കെ. ചന്ദ്രൻ, പ്രീത ബി. നായർ, ജില്ലാ ഭാരവാഹികളായ അജിത്ത് ഏബ്രഹാം, വി. ലിബികുമാർ, ജോസ് മത്തായി എന്നിവർ പ്രസംഗിച്ചു.