ചിറ്റാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ്
1450987
Friday, September 6, 2024 3:17 AM IST
ചിറ്റാർ: ചിറ്റാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നൽകി കോൺഗ്രസ് അംഗങ്ങൾ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതന്റെ പിന്തുണയോടെയാണ് രവികല എബി വൈസ് പ്രസിഡന്റായത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് കോടതിയും മുൻ പ്രസിഡന്റിനെ അയോഗ്യനാക്കിയിരുന്നു. 2023 ഏപ്രിൽ നാല് മുതൽ കഴിഞ്ഞ ജൂൺ 12 വരെ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത് വൈസ് പ്രസിഡന്റായിരുന്നു.
ഇക്കാലയളവിൽ കഴിഞ്ഞ പദ്ധതി പ്രവർത്തനത്തിൽ വൻ വീഴ്ചയും ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികൾ ലാപ്സാക്കുകയും അക്കാലയളവിൽ പഞ്ചായത്തിൽ ഉണ്ടായ വികസന മുരടിപ്പും സ്വജന പക്ഷപാതവും അഴിമതിയുമാണ് പ്രധാനമായും വൈസ് പ്രസിഡന്റിനെതിരേ ഉന്നയിച്ചിരിക്കുന്നത്.
രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎിലെ ജോളി റെന്നി വിജയിച്ചതോടെ യുഡിഎഫിന് ഭരണസമിതിയിൽ ഭൂരിപക്ഷമായി. യുഡിഎഫ് ആറ്, എൽഡിഎഫ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 12നു രാവിലെ 11 ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും.