കുറ്റൂർ - ഈരടിച്ചിറ റോഡ് തകർന്നു
1572595
Friday, July 4, 2025 3:48 AM IST
തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ 13,14 വാർഡുകളിൽകൂടി കടന്നുപോകുന്ന പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കുറ്റൂർ - തോണ്ടറ - ഈരടിച്ചിറ - പനച്ചമൂട്ടിൽകടവ് റോഡ് പൂർണമായും തകർന്നു. റീ ടാറിംഗ് നടന്നിട്ടു 10 വർഷത്തിലേറെയായി. രണ്ട് വർഷങ്ങൾ കൂടുമ്പോൾ കുഴികൾ അടച്ചു നവീകരണം നടത്തുക മാത്രമാണ് ചെയ്യുന്നത്.
റോഡിന്റെ ഭൂരിഭാഗം സ്ഥലത്തും 10 മീറ്ററിലധികം വീതി ഉള്ളപ്പോൾ നാലു മീറ്റർ വീതിയിൽ മാത്രമാണ് ടാറിംഗ് നടത്തിയിട്ടുള്ളത്. ഇരുവശങ്ങളിലുമുള്ള ആറു മീറ്റർ സ്ഥലത്തു കാടുകയറി ഇഴജന്തുക്കളുടെയും ഉപദ്രവകാരികളായ ജന്തുക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. നിലവിൽ റോഡ് പൂർണമായി തകർന്ന അവസ്ഥയിലാണ്.
തെങ്ങേലി നിവാസികൾക്കു തിരുവല്ല, ചെങ്ങന്നൂർ, കുറ്റൂർ എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള ഏക യാത്രാമാർഗമാണിത്. ദിനംപ്രതി ആയിരക്കണക്കിനാളുകൾ ഉപയോഗിച്ച് വരുന്നതും നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതുമായ പാതയാണ്. തെങ്ങേലി നിവാസികൾക്ക് മാവേലിക്കര ഭാഗത്തേക്ക് പോകുവാനുള്ള എളുപ്പവഴിയുമാണ്.
റോഡിലെ കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അപകടം സംഭവിക്കുക പതിവായി. റോഡിന്റെ അവസാനഭാഗം 100 മീറ്റർ ദൂരം പൊതുമരാമത്തു വകുപ്പിന്റെ ആസ്തിയിൽ ഇല്ലെന്നു പറഞ്ഞ് അവിടെ നവീകരണം നടത്തിയിട്ടു വർഷങ്ങളായി. എന്നാൽ മാമ്മൻ മത്തായി എംഎൽഎയുടെ കാലത്ത് പൊതുമരാമത്തു വകുപ്പാണ് റോഡ് നിർമിച്ചതെന്നു നാട്ടുകാർ പറയുന്നു.
പനച്ചമൂട്ടിൽ കടവ് പാലത്തിന്റെ അപ്രോച്ചു റോഡ് പൊതുമരാമത്ത് വകുപ്പിന്റേതുമാണ്. അപ്രോച്ച് റോഡിനും ഈരടിച്ചിറ ജംഗ്ഷനും ഇടയ്ക്കുള്ള ഭാഗത്താണ് 100 മീറ്റർ ദൂരം ആസ്തിയിൽ പെടാത്തത്. എന്നാൽ വിഷയത്തിൽ പൊതുമരാമത്തുവകുപ്പോ എംഎൽഎയോ ശ്രദ്ധിക്കുന്നില്ലെന്നു പഞ്ചായത്ത് മെംബർ ജോ ഇലഞ്ഞിമൂട്ടിൽ കുറ്റപ്പെടുത്തി.