ജോലി സമയത്തല്ലാതെ ജീവനക്കാർ ആശുപത്രിയിലെത്തരുതെന്ന് ഉത്തരവ്
1573063
Saturday, July 5, 2025 3:35 AM IST
പത്തനംതിട്ട: ജോലി സമയത്തല്ലാതെ ജീവനക്കാർ ആശുപത്രിയിൽ വരേണ്ടതില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ്. ജോലി സമയത്ത് മദ്യപിച്ച് എത്തരുതെന്നും ഉത്തരവിൽ പറയുന്നു. സർക്കുലർ വിവാദമായതോടെ ഇത് തത്കാലം മരവിപ്പിക്കാനും നിർദേശമുണ്ടായി.
ജോലി സമയത്ത് അല്ലാതെ എത്തുന്നവർ സിഎംഒയുടെ അനുമതി വാങ്ങണമെന്നും പറയുന്നു. താത്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതി ലഭിച്ചിരുന്നുവെന്നും അതിനാലാണ് സർക്കുലറെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം ആർഎംഒ വളർത്തുനായയുമായി ഓഫീസിൽ എത്തിയതും വിവാദമായിരുന്നു. ഇതിനിടെ നാല് കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
സർക്കുലറുകൾ പുറത്തുപോകുന്നതും മാധ്യമങ്ങൾ വാർത്തയാക്കുന്നതിനുമെതിരേ നിയമനടപടി സ്വീകരിക്കാനും ഇതിനിടെ നീക്കമുണ്ടായതായി പറയുന്നു.