നഴ്സിംഗ് കോളജിന് അംഗീകാരമില്ല; വിദ്യാർഥി സമരത്തിന്റെ പേരിൽ പ്രിൻസിപ്പലിനു സ്ഥലംമാറ്റം
1450972
Friday, September 6, 2024 3:00 AM IST
പത്തനംതിട്ട: സർക്കാർ നഴ്സിംഗ് കോളജിന് ഐഎൻസി അംഗീകാരമില്ലാത്തതിന്റെ പേരിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രക്ഷോഭരംഗത്തിറങ്ങിയതിനു പ്രതികാരമായി കോളജ് പ്രിൻസിപ്പലിനു സ്ഥലംമാറ്റം. പത്തനംതിട്ട നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ തിരുവനന്തപുരം സ്വദേശി ഗീതാ കുമാരിയെയാണ് കാസർഗോഡിനു സ്ഥംമാറ്റിയത്. എറണാകുളം ഗവൺമെന്റ് നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനെയാണ് പത്തനംതിട്ടയിലേക്ക് നിയമിച്ചിരിക്കുന്നത്.
പത്തനംതിട്ടയിൽ ഒരു വർഷം മുന്‍പ് ആരംഭിച്ച സർക്കാർ നഴ്സിംഗ് കോളജിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ വന്നതോടെയാണ് വിദ്യാർഥികളും ഇവരെ പിന്തുണച്ച് രക്ഷാകർത്തൃസമിതിയും സമരരംഗത്തേക്ക് ഇറങ്ങിയത്. സമരത്തിൽനിന്നും കുട്ടികളെ പിന്തിരിപ്പിച്ചില്ല എന്നതാണ് പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനുള്ള പ്രധാന കാരണമെന്നറിയുന്നു.
ആരോഗ്യ സർവകാലാശാലയിൽഅഫിലിയേറ്റ് ചെയ്താണ് കോളജ് പ്രവർത്തിക്കുന്നത്. ഐഎൻസി അംഗീകാരമില്ലാത്തതിനെത്തുടർന്ന് കുട്ടികളുടെ പരീക്ഷാഫലം സർവകലാശാല തടഞ്ഞതോടെയാണ് സമരം ശക്തമായത്.
60 അംഗ ബാച്ചിൽ 55 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണുള്ളത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജംഗ്ഷനു സമീപം വാടകക്കെട്ടിടത്തിൽ ഒന്‍പതുമാസം മുന്‍പാണ് സർക്കാർ നഴ്സിംഗ് കോളജ് ആരംഭിച്ചത്.
ഡിഎംഐ തലത്തിലെ തീരുമാനങ്ങൾ നടപ്പായില്ല
വിദ്യാർഥികൾ ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ഉൾപ്പെടെ സമര പരിപാടികളുമായി ഇറങ്ങിയതോടെ വിഷയം ചർച്ചചെയ്യുന്നതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ തിരുവനന്തപുരത്ത് ജൂലൈ അവസാനം യോഗം ചേർന്നിരുന്നു.
കോളജിന് അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ കുറ്റപ്പെടുത്താനാണ് അധികൃതർ ശ്രമിച്ചത്. പിടിഎയുടെ സമ്മർദത്തെത്തുടർന്ന് ഒരാഴ്ചയ്ക്കകം വിദ്യാർഥികൾക്ക് ബസ് അനുവദിക്കാനും തീരുമാനമായതാണ്.
എംഎൽഎ ഫണ്ടിൽനിന്നും പണം നൽകി ബസ് വാങ്ങി നൽകുമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അതിനും നടപടി ആയിട്ടില്ല. കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമരംചെയ്തതിന് വിദ്യാർഥികളെ വയനാട്, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നഴ്സിംഗ്കോളജുകളിലേക്ക് മാറ്റാനും ആലോചന നടന്നിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് നടക്കാതെപോയി.
പുതിയ ബാച്ചും വൈകാതെ എത്തും
നഴ്സിംഗ് പ്രവേശന നടപടി ആരംഭിച്ചതോടെ സർക്കാർ മെറിറ്റ് പട്ടികയിൽനിന്ന് 60 കുട്ടികളെ ഒന്നാംവർഷ ബാച്ചിലേക്ക് ഉടൻ പ്രവേശിപ്പിക്കേണ്ടിവരും. പുതിയ ബാച്ചിലെ കുട്ടികൾകൂടി എത്തുന്നതോടെ എല്ലാം തകിടംമറിയും. കുട്ടികൾക്ക് നിന്നുതിരിയാൻപോലും നിലവിലെ കെട്ടിടത്തിൽ സൗകര്യങ്ങൾ ഇല്ല. നഴ്സിംഗ് കോളജ് പ്രവർത്തിക്കാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മാനദണ്ഡങ്ങള്‍ നിഷ്കർഷിക്കുന്നുണ്ട്.
രണ്ടര ഏക്കർ സ്ഥലത്ത് നഴ്സിംഗ് കോളജിന്റെ കാന്പസുണ്ടാകണം. 23,200 ചതുരശ്ര അടിയിൽ കെട്ടിട സൗകര്യങ്ങൾ, സയൻസിംഗ് ലാബ്, കമ്യൂണിറ്റി ഹെൽത്ത്, ന്യൂട്രീഷൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, പ്രീ ക്ലിനിക്കൽ ഹെൽത്ത് ലാബ്, കംപ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം.
21,100 ചതുരശ്ര അടി ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം. നിലവിൽ ഹോസ്റ്റൽ വാടക കെട്ടിടത്തിലാണ്. ഇവിടേക്ക് പോകാനും ക്ലിനിക്കൽ പഠനത്തിനായി ആശുപത്രികളിലേക്ക് പോകാനും കുട്ടികൾക്ക് വാഹനസൗകര്യം ഇല്ല.
മതിയായ പ്രവൃത്തിപരിചയമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഒരു പ്രഫസർ, രണ്ട് അസോസിയേറ്റ് പ്രഫസർമാർ, മൂന്ന് അസിസ്റ്റന്റ് പ്രഫസർമാർ 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. എന്നാൽ പത്തനംതിട്ടയിലെ നഴ്സിംഗ് കോളജില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. പ്രിൻസിപ്പലും രണ്ട് താത്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. പുതിയ ബാച്ചുകൂടി എത്തുന്പോഴേക്കും സ്റ്റാഫ് പാറ്റേൺ മാറിയേ മതിയാകൂ.
നഴ്സിംഗ് വിദ്യാർഥികൾക്ക് അനാട്ടമി ക്ലാസ് ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അകലെയുള്ള കോന്നി മെഡിക്കൽ കോളജിലാണ്. പ്രാക്ടിക്കൽ ജനറൽ ആശുപത്രിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നവകേരള സദസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്ഷിതാക്കൾ മാറി മാറി പരാതി നൽകിയിട്ടും ഫലം കണ്ടില്ല. പിടിഎ പിരിവെടുത്താണ് കുറെ നാളായി കോളജിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നത്. പുറത്തെ ഹോസ്റ്റൽ ഫീസ് , ഭക്ഷണച്ചെലവ്, ബസ് ചാർജ് ഇവയ്ക്കൊക്കെ പ്രതിമാസം വൻതുക ഓരോ വിദ്യാർഥിക്കും വേണം. ചെലവ് താങ്ങാനാകാതെ പഠനം ഉപേക്ഷിച്ചവരുമുണ്ട്.
സാധാരണക്കാരും നിർധനരുമായ കുട്ടികളാണ് ഏറെയും കോളജിലുള്ളത്. സർക്കാർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ട് പ്രവേശനം നേടിയ പഠിക്കാൻ മിടുക്കരായ കുട്ടികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്.
തുടക്കമേ പാളി
സംസ്ഥാനത്ത് നഴ്സിംഗ് പഠനത്തിനു കൂടുതൽ സീറ്റുകൾ എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവർഷം പുതിയ നഴ്സിംഗ് കോളജുകൾ അനുവദിച്ചത്. സംസ്ഥാന സർക്കാർ നേരിട്ടും എൽബിഎസ് മുഖേനയും ഇവ ആരംഭിക്കുകയായിരുന്നു. കോന്നി നഴ്സിംഗ് കോളജിനോടനുബന്ധിച്ച് പുതിയ സർക്കാർ നഴ്സിംഗ് കോളജിന് അനുമതി നൽകാമെന്ന നിർദേശമുണ്ടായതാണ്.
അത് എൽബിഎസിനു നൽകി ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ ഒരു നഴ്സിംഗ് കോളജ് കൂടി ആവശ്യപ്പെടുകയായിരുന്നു. നിലവിൽ പത്തനംതിട്ട മണ്ഡലത്തിൽ ഇലന്തൂരും ചുട്ടിപ്പാറയിലും ഓരോ നഴ്സിംഗ് കോളജുകളുണ്ട്.
പുതിയ നഴ്സിംഗ് കോളജിന് ആരോഗ്യശാസ്ത്ര സർവകലാശാല അഫിലിയേഷൻ നൽകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ നിരാക്ഷേപപത്രവും ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, കേരള നഴ്സിംഗ് കൗൺസിൽ എന്നിവയുടെ അംഗീകാരവും വേണം.
നിലവിലുള്ള കോളജുകളിൽ സീറ്റ് കൂട്ടുന്നതിനും ഇത് ആവശ്യമാണ്. സർക്കാരിന്റെ ഇടപെടലിനെത്തുടർന്നാണ് ഐഎൻസിയുടെ അംഗീകാരമില്ലാതെ പത്തനംതിട്ട നഴ്സിംഗ് കോളജിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ആരോഗ്യ സർവകലാശാല താത്കാലിക അനുമതി നൽകിയത്.
വൈകാതെ ഐഎൻസി അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇതു നടക്കാതെ വന്നതോടെയാണ് കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞത്. എന്നാൽ സർക്കാർ ഇടപെട്ട് ഫലവും പുറത്തുവിട്ടു.