റാന്നി മെഗാ തൊഴില്‍മേള പകുതിപ്പേര്‍ക്കും തൊഴില്‍ ഉറപ്പാക്കിയെന്ന് തോമസ് ഐസക്
1444185
Monday, August 12, 2024 2:55 AM IST
റാന്നി: റാന്നിയിലെ മെഗാതൊഴില്‍മേളയില്‍ പങ്കെടുത്ത പകുതിപ്പേര്‍ക്കും ജോലി ഉറപ്പാണെന്ന് ഡോ. ടി.എം. തോമസ് ഐസക്. റാന്നി സെന്റ് തോമസ് കോളജില്‍ ആരംഭിച്ച വിജ്ഞാന പത്തനംതിട്ട മെഗാ തൊഴില്‍മേളയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12000 ഉദ്യോഗാര്‍ഥികളാണ് മേളയ്ക്കെത്തിയത്. ഇതില്‍ 3124 പേര് പേര് രജിസ്റ്റര്‍ ചെയ്തു ജോലിക്ക് അപേക്ഷ നല്കി.1167 ഉദ്യോഗാര്‍ഥികളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. 207 പേര്‍ക്ക് ഇന്റര്‍വ്യൂ കഴിഞ്ഞ ഉടന്‍തന്നെ ജോലി ഉറപ്പാക്കി. 499 പേരുടെ ചുരുക്കപ്പട്ടികയും എടുത്തിട്ടുണ്ട്. ഒരു ഇന്റര്‍വ്യൂ നടത്തി അതില്‍ ഭൂരിപക്ഷം പേരെയും ജോലിക്ക് എടുക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചത്.
അഭിമുഖത്തില്‍ പങ്കെടുത്ത് പരാജയപ്പെട്ടവരുടെ പോരായ്മകള്‍ കമ്പനി അധികൃതരുമായി സംസാരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അവരെ പരിശീലിപ്പിക്കുക. തുടര്‍ന്നുള്ള അഭിമുഖങ്ങളില്‍ പ്രാപ്തരാക്കുകയും ലക്ഷ്യമുണ്ട്. പേര് രജിസ്റ്റര്‍ ചെയ്തിട്ടും ഇന്റര്‍വ്യൂവിന് എത്താത്തവരെ ബന്ധപ്പെട്ട് കാരണങ്ങള്‍ കണ്ടെത്തി അവര്‍ക്കും വേണ്ട സഹായവും പരിശീലനവും നല്‍കും.
ഒക്ടോബറില്‍ വിപുലമായ തോതില്‍ ജോബ് എക്സ്പോ നടത്തും. ഇതില്‍ എല്ലാവരെയും അഭിമുഖ പരീക്ഷയ്ക്ക് പ്രാപ്തരാക്കി എടുക്കും . കുട്ടികളെ ജോലിക്ക് പ്രാപ്തരാക്കുന്നതിന് കോളജ് അധ്യാപകരുടെയും പെന്‍ഷനായ അധ്യാപകരുടെയും സേവനം ലഭിക്കുന്നുണ്ട്.
വിജ്ഞാന പത്തനംതിട്ടയിലൂടെ ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് ജോലി ലഭിച്ചതായും തോമസ് ഐസക് പറഞ്ഞു. 10000 നഴ്സുമാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട് നോര്‍ക്ക, ഒഡേപക്, കെ ഡിസ്ക് എന്നിവ വഴി ഓണ്‍ലൈന്‍ പരിശീലനം നല്കി വേണം ഇവരെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കേണ്ടത്. ഇതേവരെ 40 നഴ്സുമാര്‍ക്കാണ് വിജ്ഞാന പത്തനംതിട്ട വഴി പുറത്ത് ജോലി ലഭിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.
മൈഗ്രേഷന്‍ കോണ്‍ക്ലേവ് ജനറല്‍ കണ്‍വീനര്‍ എ പത്മകുമാര്‍, വിജ്ഞാന പത്തനംതിട്ട ജോയിന്റ് സെക്രട്ടറി റോഷന് റോയി മാത്യു, വിജ്ഞാന പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍, സെന്റ് തോമസ് കോളജ് മാനേജ്മെന്റ് കമ്മിറ്റി അംഗം പ്രഫ. റോയി മേലേല് എന്നിവര്‍ പ്രസംഗിച്ചു.