പുഷ്പഗിരിയിൽ നവീകരിച്ച ഒപി ഉദ്ഘാടനവും "ധന്യം' പ്രിവിലേജ് കാർഡ് സമർപ്പണവും
1416259
Sunday, April 14, 2024 3:57 AM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുടെ 65-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നിർധന രോഗികൾക്കായുള്ള പ്രിവിലേജ് കാർഡ് സമർപ്പണവും നവീകരിച്ച ഒപികളുടെ ഉദ്ഘാടനവും നടത്തി. തിരുവല്ല രൂപത ചീഫ് വികാരി ജനറാൾ റവ.ഡോ. ഐസക് പറപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
തിരുവല്ല ആർച്ച്ബിഷപ്പും പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തിരി തെളിച്ചു. മേളം ചാരിറ്റബിൾ ഫൗണ്ടർ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ ഉദ്ഘാടനകർമം നിർവഹിച്ചു.
നിർധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാകുന്ന "ധന്യം' പ്രിവിലേജ് കാർഡ് പദ്ധതിയുടെ ആദ്യ സമർപ്പണം പ്രത്യാശ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയും മേളം ചാരിറ്റബിൾ ഫൗണ്ടർ ഡോ. കുര്യൻ ജോൺ മേളാംപറമ്പിലും ഏറ്റുവാങ്ങി.
മർച്ചന്റ് അസോസിയേഷൻ ആൻഡ് മതസൗഹാർദ വേദി പ്രസിഡന്റ് എം. സലിം, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ്. ജില്ലാ കമ്മിറ്റി ചെയർമാനുമായ അഡ്വ. വർഗീസ് മാമ്മൻ, ബിജെപി ദേശീയ സമിതിയംഗം പ്രതാപചന്ദ്രവർമ, കാർഷിക വികസന ബാങ്ക് പ്രസിഡന്റും അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി പ്രസിഡന്റുമായ അഡ്വ. പ്രകാശ് ബാബു എന്നിവർ പ്രസംഗിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ് സ്വാഗതവും ഇഎൻടി വിഭാഗം മേധാവി ഡോ. കെ.വി. രാജൻ നന്ദിയും പറഞ്ഞു.