മരണം മുന്നില്‍ക്കണ്ട് ജീവിതം
1414117
Thursday, April 4, 2024 3:42 AM IST
പമ്പാവാലിയില്‍ ഭീതി ഒഴിയുന്നില്ല
പന്പാവാലി: പുലിയെ കണ്മുമ്പില് കണ്ട ഭീതി വിട്ടുമാറിയിട്ടില്ല എരുമേലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും 11-ാം വാര്‍ഡ് മെംബറുമായ സുബി സണ്ണിക്ക്. രണ്ടുമാസം മുമ്പ് ഉച്ചകഴിഞ്ഞ് രണ്ടോടെ മുറ്റത്ത് മീന്‍ വെട്ടിക്കൊണ്ടിരിക്കെ വളര്‍ത്തു പൂച്ച പതിവില്ലാതെ ശബ്ദിച്ചപ്പോഴാണ് വീടിനോടു ചേര്‍ന്ന കുഴിയില്‍ പുലിയെ കാണാനിടയായത്.
ഭയന്നുവിറച്ച് വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു സുബി. പമ്പാവാലി പ്രദേശത്ത് അടിയന്തരമായി സുരക്ഷ ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് സുബി സണ്ണി ആവശ്യപ്പെട്ടു.
കാട്ടാന കുത്തിക്കൊന്ന തുലാപ്പള്ളി കുടിലില്‍ ബിജുവിന്റെ മൃതദേഹം മാര്‍ത്തോമ്മാ പള്ളിയില്‍ എത്തിച്ചപ്പോള്‍ ജനപ്രതിനിധികള്‍ ഒന്നാകെ സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥയെ വിമര്‍ശിച്ചു. വൈകുന്നേരമായാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ വനമേഖലകളിലൂടെയാണ് യാത്ര ചെയ്യുന്നത്. വനാതിര്‍ത്തിയെ സ്ഥിരതാമസക്കാര്‍ക്ക് രാത്രിയില്‍ ഉറക്കമില്ല. വീട്ടുമുറ്റത്ത് വന്യമൃഗങ്ങള്‍ സ്ഥിരതാമസമാക്കിയ സാഹചര്യം.
രാവും പകലും കാട്ടാനയും കുറുക്കനും കാട്ടുപന്നിയും കൃഷിയിടങ്ങളിലുണ്ട്. സമീപ മാസങ്ങളിലായി കടുവയും പുലിയും ഭീഷണിയുയര്‍ത്തുന്നു. ഏയ്ഞ്ചല്‍വാലിയിലും തുലാപ്പള്ളിയിലുമായി എണ്ണായിരത്തോളം ജനങ്ങളാണ് വന്യമൃഗങ്ങളെ ഭയന്നുകഴിയുന്നത്.
പുലര്‍ച്ചെ കാട്ടാനയെ ഭയന്ന് ജീവന് കൈയില്‍പിടിച്ച് ടാപ്പിംഗിനു പോകുന്ന ദുരവസ്ഥയാണ് പ്രദേശവാസിയായ സിബി ചക്കാലക്കുന്നിനു പറയാനുള്ളത്. സിബി കാട്ടാന കുത്തിക്കൊന്ന ബിജുവിന്റെ അയല്‍വാസിയും ആത്മസുഹൃത്തുമായിരുന്നു.
മാരക ആക്രമണത്തിൽ ബിജു തത്ക്ഷണം മരിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
എരുമേലി: തുലാപ്പള്ളി പിആർസി മലയിൽ കുടിലിൽ ബിജു മാത്യുവിന്റെ മരണം കാട്ടാനയുടെ മാരകമായ ആക്രമണം മൂലം തത്ക്ഷണമായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതീവ മാരകമായ ആക്രമണമെന്നാണു മൃതദേഹത്തിലെ ഒടിവുകളും മുറിവുകളും വ്യക്തമാക്കുന്നത്.
ശരീരത്തിൽ നിരവധി ഒടിവുകളും തുടയെല്ലിനു പൊട്ടലും വാരിയെല്ലുകളും തോളെല്ലും വലതുകൈയും വലതുകാലും ഒടിഞ്ഞ നിലയിലുമായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പലയിടത്തും ഉരഞ്ഞപാടുകളുണ്ട്. പിടലിയും ഇടുപ്പെല്ലും ഒടിഞ്ഞ അവസ്ഥയിലാണ്.
പമ്പാവാലിയില്‍ ഇനി പ്രക്ഷോഭത്തിന്റെ നാളുകള്‍
തുലാപ്പള്ളി: ഭയവും അമര്‍ഷവും ആശങ്കയും ഭീതിയും നിഴലിക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഇന്നലെ തുലാപ്പള്ളി കുടിലില്‍ ബിജുവിന്റെ മൃതസംസ്കാരം നടന്നത്. മുക്കൂട്ടുതറ മുതല്‍ എയ്ഞ്ചല്‍വാലി വരെ കരിങ്കൊടികളും ഫ്ളെക്സുകളും ഉയര്‍ത്തി ജനാവലി ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ മൂന്നുപേരെ അരുംകൊല ചെയ്തിട്ടും വനമേഖലയില്‍ സുരക്ഷയൊരുക്കുന്നതില്‍ വനംവകുപ്പ് കാട്ടുന്ന അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ പങ്കുവച്ചത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി ബാധ്യത തീര്‍ക്കുകയാണ് വനംവകുപ്പ്. മൃഗങ്ങള്‍ കൊല നടത്തുന്ന ഘട്ടത്തില്‍ കുടുംബത്തിന് തുടര്‍സഹായവും ജോലിയും ഉറപ്പുനല്‍കുന്നതല്ലാതെ ഇവയൊന്നും ജനപ്രതിനിധികള്‍ പാലിക്കുന്നില്ല.
മൃഗങ്ങളുടെ കടന്നുകയറ്റം ചെറുക്കാനാകില്ലെങ്കില് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പമ്പാവാലി നിവാസികളുടെ തീരുമാനം. അനിശ്ചിതകാല പ്രക്ഷോഭമുള്‍പ്പെടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങൾ.
“ഇനിയിങ്ങനൊരു അത്യാഹിതം സംഭവിച്ചുകൂടാ...’’
കണമല: “ഇനിയെങ്കിലും പമ്പാവാലിയില്‍ ഇത്തരമൊരു അത്യാഹിതം സംഭവിച്ചുകൂടാ. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബം പില്ക്കാലത്ത് അനുഭവിക്കുന്ന നരകയാതന ആരറിയുന്നു’’. തുലാപ്പള്ളി കുടിലില്‍ ബിജുവിനെ കാട്ടാന കുത്തിക്കൊന്നതിന്റെ വേദന ഉള്ളിലൊതുക്കി പുറത്തയില്‍ ആലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയ് 19നു കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് ആലീസിന്റെ ഭര്‍ത്താവ് ചാക്കോ അതിദാരുണമായി കൊല്ലപ്പെട്ടത്. പമ്പ വനത്തില്‍നിന്നു പാഞ്ഞെത്തിയ കാട്ടുപോത്ത് കണമല കവലയില്‍ വീടിന്റെ തിണ്ണയില്‍ പത്രംവായിച്ചുകൊണ്ടിരുന്ന ചാക്കോച്ചനെ കുത്തിക്കൊല്ലുകയായിരുന്നു. തൊട്ടുമുമ്പ് ഇതേ കാട്ടുപോത്ത് സമീപവാസിയായ പ്ലാവനാല്‍കുഴിയില്‍ തോമസിനെയും കുത്തിക്കൊന്നിരുന്നു.
ഓരോ ദിവസവും ഭയാശങ്കയിലാണ് പമ്പാവാലി മേഖലയിലെ ജനങ്ങള്‍ കഴിയുന്നത്. കാട്ടാനയും കാട്ടുപോത്തും എപ്പോള്‍ പാഞ്ഞടുക്കുമെന്ന് ആര്‍ക്കുമറിയില്ല. ഭര്‍ത്താവ് ചാക്കോ മരിച്ച് ആറുമാസം കഴിഞ്ഞാണ് രണ്ടാം ഗഡു നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപകൂടി ലഭിച്ചത്. നഷ്ടപരിഹാരത്തുകയുടെ പലിശകൊണ്ടാണ് ആലീസ് കഴിയുന്നത്.
മൂന്നു പെണ്മക്കളാണ് ഇവര്‍ക്കുള്ളത്. പിതാവിന്റെ മരണശേഷം ഇളയ മകള്‍ റ്റീനുവിന് ജോലിനല്‍കാമെന്ന് സര്‍ക്കാരും ജനപ്രതിനിധികളും ഉറപ്പുനല്‍കിയിരുന്നു. ഇതിനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. വിധവാ പെന്‍ഷനെങ്കിലും തന്നു സഹായിച്ചിരുന്നെങ്കില്‍ അല്ലലില്ലാതെ കഴിയാമായിരുന്നു എന്നാണ് ആലീസ് പറയുന്നത്. 25 സെന്റ് സ്ഥലം മാത്രമാണ് ആലീസിനുള്ളത്.
കണമലയില്‍ കാട്ടാന കൃഷി നശിപ്പിച്ചു
കണമല: കണമല കടവില്‍ പമ്പാവനത്തില് നിന്നിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ വാഴത്തോട്ടം ചവിട്ടിമെതിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് കണമല കടവിനോടു ചേര്‍ന്ന വാഴത്തോട്ടത്തിലെ കുലച്ച നൂറു വാഴകള്‍ ആന തകര്‍ത്തത്.
കൃഷിവകുപ്പോ മറ്റുദ്യോഗസ്ഥരോ തിരിഞ്ഞുനോക്കിയില്ല. വൈകുന്നേരമായാല്‍ പമ്പയാറ്റില്‍ നീരാടുന്ന ആനകള്‍ സമീപത്തെ കൃഷിയിടങ്ങളിലേക്ക് പതിവായി കയറുകയാണ്.
ബിജുവിന്റെ കുടുംബത്തിന് രണ്ടാം ഗഡുവായി അഞ്ചുലക്ഷം നൽകി
പമ്പാവാലി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച തുലാപ്പള്ളി പിആർസി മല കുടിലിൽ ബിജു മാത്യുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായത്തിന്റെ രണ്ടാം ഗഡുവായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ചൊവ്വാഴ്ച രാത്രി കുടുംബാംഗങ്ങൾക്ക് കൈമാറി.
10 ലക്ഷം രൂപ അടിയന്തര സഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ അഞ്ച് ലക്ഷം രൂപ പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ബിജുവിന്റെ വീട്ടിലെത്തി നൽകിയിരുന്നു.