മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്ന്
1375047
Friday, December 1, 2023 11:43 PM IST
തിരുവല്ല: മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന റമ്പാൻമാരായ റവ. സാജു സി. പാപ്പച്ചൻ, റവ.ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്നു തിരുവല്ല എസ്സിഎസ് ഗ്രൗണ്ടിൽ തയാറാക്കിയ താത്കാലിക മദ്ബഹയിൽ നടത്തും.
രാവിലെ ഏഴിന് സെന്റ് തോമസ് മാർത്തോമ്മാ പളളിയിൽനിന്ന് റമ്പാൻമാരെ താത്കാലിക മദ്ബഹയിലേക്ക് ആനയിക്കും. 7.30ന് ആരംഭിക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷക്ക് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
സഫ്രഗൻ മെത്രാപ്പോലീത്തമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ സഹകാർമികരായിരിക്കും.
തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ ധ്യാനപ്രസംഗം നടത്തും. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശം നല്കും.
ആർച്ച്ബിഷപ് ഡോ. ജോറിസ് ഫെർക്കമൻ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, പാണക്കാട് സെയ്ദ് സാഹിദ് ഷിഹാബ് തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാത്യു ടി. തോമസ് എംഎൽഎ, പത്മശ്രീ ശോശാമ്മ ഐപ്പ് തുടങ്ങിയവർ പ്രസംഗിക്കും.
12 വർഷത്തിനു ശേഷം മാർത്തോമ്മാ സഭയിൽ നടക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക സ്ഥാനാഭിഷേക ശുശ്രൂഷകൾക്കായി 7,000 പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണം പൂർത്തിയായി. പന്തലിലെ താത്കാലിക മദ്ബഹായുടെ കൂദാശ മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത ഇന്നലെ വൈ കുന്നേരം നിർവഹിച്ചു.