നഷ്ട സംഘങ്ങളെ സഹായിക്കാന്‍ ലാഭസംഘങ്ങളില്നിന്നു കടമെടുപ്പ്
1339997
Tuesday, October 3, 2023 11:35 PM IST
പത്തനംതിട്ട: പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളെ സഹായിക്കാന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍നിന്നു പണം കടമെടുക്കാന്‍ നീക്കം. ഇതോടൊപ്പം ക്ഷേമ പെന്ഷനുകള്ക്കാവശ്യമായ പണവും സഹകരണ സംഘങ്ങളുടെ നിക്ഷേപത്തില്‍നിന്നു കണ്ടെത്താന്‍ ശ്രമം തുടങ്ങി.
സര്‍ക്കാരിന്റെകൂടി ധനസഹായം പ്രഖ്യാപിച്ച് പൈലറ്റ് പ്രോജക്ടിനുള്ള നടപടികള്‍ പത്തനംതിട്ടയില്‍ നേരത്തെ ആരംഭിച്ചിരുന്നു. കരുവന്നൂരിലടക്കം ബാങ്ക് പ്രതിസന്ധി രാഷ്ട്രീയ വിഷയമായി മാറുന്നതിനാല്‍ പദ്ധതി സംസ്ഥാന വ്യാപകമായി തന്നെ നടപ്പാക്കാന്‍ നീക്കം തുടങ്ങി.
പത്തനംതിട്ടയില്‍ കെടുകാര്യസ്ഥതമൂലവും നിയമവിരുദ്ധമായി വായ്പ നല്കിയ പണം തിരികെപിടിക്കാതെയും നഷ്ടത്തിലായ ബാങ്കുകളെ സഹായിക്കുന്നതിലേക്ക് ഇത്തരത്തിലൊരു സഹായനിധി സമാഹരിക്കാന്‍ സഹകരണവകുപ്പ് പദ്ധതിയിട്ടിരുന്നു. ലാഭത്തിലുള്ള സംഘങ്ങളുടെ കരുതല്‍ ധനം സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പയായി പുനരുദ്ധാരണ നിധിയിലേക്ക് നല്‍കാനുള്ള നിര്ദേശമാണുണ്ടാകുക.
നിക്ഷേപ സമാഹരണം
സഹകരണ പുനരുദ്ധാരണ നിധിയെന്ന പേരില്‍ പണം സമാഹരിക്കുകയാണ് ലക്ഷ്യം. പദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദേശം സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. കേരള ബാങ്കില്‍ പ്രാഥമിക സംഘങ്ങളുടെ ലാഭവിഹിതം റിസര്‍വ് ഫണ്ടായി അടച്ചിട്ടുണ്ട്. കാര്‍ഷിക വിലസ്ഥിരത ഫണ്ടായി പ്രാഥമിക സംഘങ്ങള്‍ക്കു നല്കാന് മാറ്റിവച്ചിരിക്കുന്ന തുകയുമുണ്ട്.
ഇതിനു പുറമേ സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് നിധി രൂപീകരിക്കുക. സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം ഇതിലേക്കായി ഇന്ന് കൂടാനിരിക്കുകയാണ്, ഇന്നലെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കേരള ബാങ്ക് പ്രതിനിധികളുടെയും യോഗം കൊച്ചിയിൽ ചേർന്നത്.
നിക്ഷേപം കുറയുന്നു
കേരള ബാങ്കിലും നിക്ഷേപങ്ങള്‍ വ്യാപകമായി കുറയുന്നു. നിലവിലെ സ്ഥിരംനിക്ഷേപങ്ങള് പിന്‍വലിച്ചു തുടങ്ങിയതിനു പിന്നാലെ പുതിയ നിക്ഷേപങ്ങള്‍ എത്തുന്നുമില്ല. പ്രാഥമിക സഹകരണ ബാങ്കുകളുടേതായ കരുതല്‍ ധനശേഖരവും കുറഞ്ഞു.
ലാഭത്തില്‍ മുമ്പു പൊയ്ക്കൊണ്ടിരുന്ന പ്രാഥമിക ബാങ്കുകള്‍ വായ്പകള്‍ കുറച്ചു. സ്വര്‍ണപ്പണയ വായ്പയും ചിട്ടിയും വളത്തിന്റെ വിലപ്നയുമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. നിക്ഷപം കുറഞ്ഞതാണ് വായ്പ കുറയാനിടയാക്കിയത്. ക്ഷേമപെന്‍ഷനുകളും മറ്റും പണം സര്‍ക്കാരില്‍നിന്നു ലഭിച്ചാല്‍ മാത്രമേ നല്‍കാനാകൂവെന്നതാണ് സ്ഥിതി. മുമ്പ് ക്ഷേമപെന്‍ഷനുകളും കെഎസ്ആര്‍ടിസി പെന്‍ഷനുമൊക്കെ ഏറ്റെടുത്തിരുന്ന സഹകരണ സംഘങ്ങള്‍ പണം സര്‍ക്കാരില്‍നിന്നും കൃത്യമായി ലഭിക്കാതെവന്നതോടെ പിന്മാറുകയായിരുന്നു.
പ്രതിസന്ധി രൂക്ഷമാക്കുമെന്ന് യുഡിഎഫ്
ലാഭമുള്ള സഹകരണ സംഘങ്ങളില്‍നിന്നും പണം സ്വരൂപിച്ചു പ്രതിസന്ധിയിലായ സംഘങ്ങളെ സഹായിക്കാനുള്ള ശ്രമം നിലവില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെക്കൂടി പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് യുഡിഎഫ്. ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെതന്നെ പ്രാഥമിക സംഘങ്ങളുടെ സാമ്പത്തികാടിത്തറയ്ക്കു കോട്ടം വന്നിരുന്നു.
കേരള ബാങ്ക് മുഖേനയുള്ള നിക്ഷേപവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള പണവും ഏറ്റെടുക്കാനാണ് പുതിയ ശ്രമം. ഇതിലൂടെ ക്ഷേമപെന്ഷന് നല്‍കാനുള്ള ബാധ്യതയും പ്രാഥമിക സഹകരണ ബാങ്കുകള്ക്കാകുകയാണ്. ഇതു സാമ്പത്തികമായി സംഘങ്ങള്‍ക്കു ബാധ്യത വര്‍ധിപ്പിക്കാനേ ഉതകൂവെന്നു യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണസംഘം പ്രസിഡന്റുമാര്‍ പറഞ്ഞു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളേകൂടി നശിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും ഇതു നടപ്പാക്കിയാല്‍ സഹകാരികളുടെ നേതൃത്വത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറിയും കോന്നി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റുമായ എസ്.വി.പ്രസന്നകുമാര്‍ പറഞ്ഞു.
സഹകരണ ബാങ്കിലെ പണം കൊള്ള അടിക്കുന്നതിനുവേണ്ടിയാണ് സിപിഎം സഹകരണ ഉദ്യോഗസ്ഥർ,പോലീസ് എന്നിവരെ ഉപയോഗിച്ച് സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്നത്. ജില്ലയില്‍ വിരലില്‍ എണ്ണാവുന്ന സംഘങ്ങള്‍ മാത്രമാണ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നത്.
സഹകരണ മേഖലയില്‍ പണി എടുക്കുന്ന ജീവനക്കാര്‍ ഇപ്പോള്‍ ആശങ്കയിലാണ്. രാഷ്ട്രീയഅടിമത്തം അവസാനിപ്പിച്ച് എല്ലാ സഹകാരികളും ജീവനക്കാരും ഒറ്റക്കെട്ടായി നില്ക്കണമെന്നു പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു.