കുറ്റൂർ സഹകരണ ബാങ്കിലും ക്രമക്കേടുകൾ ആധാരം ഒന്ന്; അഞ്ചുപേർക്ക് അരക്കോടി വീതം വായ്പ
1338826
Wednesday, September 27, 2023 11:57 PM IST
കുറ്റൂർ: കുറ്റൂർ സഹകരണ ബാങ്കിലും വായ്പാ ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്. സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭാര്യ വ്യാജവിലാസത്തിൽ വായ്പ നേടിയെന്നും ഒരേ ആധാരത്തിന്മേൽ അഞ്ചുപേർക്കു വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബാങ്കിനു നഷ്ടമുണ്ടായിട്ടില്ലെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
വിഷയത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി. നിക്ഷേപത്തുകയുടെ വിനിയോഗം, വായ്പ അനുവദിച്ചത്, ചിട്ടി നടത്തിപ്പ്, കെട്ടിടനിർമാണം എന്നിവയിലെല്ലാം ഗുരുതരമായ ക്രമക്കേടും ചട്ടലംഘനവും ഉണ്ടായതായാണ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായത്. ഇടതു നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന് നേതൃത്വം നൽകുന്നത്.
സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വ്യാജവിലാസത്തിൽ വായ്പ തരപ്പെടുത്തി എന്നതാണ് പ്രധാനപ്പെട്ട വിഷയമായി ഉയർന്നുനിൽക്കുന്നത്. സ്വപ്നാ ദാസ് എന്നയാളാണ് വായ്പ നേടിയിട്ടുള്ളത്.
സ്വപ്നാ ദാസിന്റെ യഥാർഥ വിലാസം സ്വപ്നാ ദാസ്, വടക്കേവീട്ടിൽ, കടപ്ര, പരുമല പി.ഒ. എന്നതാണ്. എന്നാൽ വായ്പയ്ക്കായി നൽകിയ അപേക്ഷയിൽ നൽകിയ വിലാസം സ്വപ്നാ ദാസ്, വടക്കേപറമ്പിൽ, വെൺപാല എന്നതാണ്. ഈ വിലാസത്തിൽ സ്വപ്നാ ദാസ് എന്ന താമസക്കാരി ഇല്ലായെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2000 ഒക്ടോബർ 17നാണ് ഇവർക്ക് അംഗത്വം നൽകുന്നത്. അംഗത്വം നൽകിയ തീരുമാനമെടുത്ത അതേ ഭരണസമിതി യോഗം തൊട്ടടുത്ത ദിവസം സ്വപ്നയ്ക്ക് 20 ലക്ഷം രൂപ വായ്പ അനുവദിക്കാനും തീരുമാനമെടുത്തു. ഇവർക്കു വായ്പ നൽകണമെന്ന ലക്ഷ്യത്തോടെയാണ് അംഗത്വം നൽകിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജോമോൻ സി. ജോർജ് എന്ന വെൺപാല സ്വദേശിയുടെ വായ്പയ്ക്ക് അടിസ്ഥാനമായ രേഖയായി സ്വീകരിച്ച ആധാരത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ ഈ ഭൂമിയുമായി ഒരു ബന്ധവുമില്ലാത്ത മറ്റു ചിലർക്കുകൂടി പത്തുലക്ഷം രൂപ വീതം അരക്കോടി രൂപ വായ്പ നൽകി.
ജോമോൻ സി. ജോർജിന്റെ ആധാരം ഉപയോഗപ്പെടുത്തി ജോസ് കെ. അലക്സ്, അലോജ് ജേക്കബ്, ഷൈനി സി. ജേക്കബ്, ആനി റോയ് തുടങ്ങിയവർക്കാണ് അരക്കോടി രൂപയോളം നൽകിയത്. ഇവർക്കും സമാനമായ രീതിയിൽ അംഗത്വം നൽകിയതിനു തൊട്ടുപിന്നാലെ ഓരോരുത്തർക്കും അന്നുതന്നെ വായ്പ അനുവദിക്കുകയായിരുന്നു.
ഒറ്റ ആധാരത്തിന്മേലാണ് ഇത്രയും വലിയ തുക വായ്പ നൽകിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ബാങ്കിന്റെ പുതിയ കെട്ടിടനിർമാണത്തിലും വലിയ തോതിലുള്ള ചട്ടലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിന്റെ നിക്ഷേപത്തുകയിൽനിന്ന് 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തി കെട്ടിടം നിർമിക്കാനാണ് സഹകരണ വകുപ്പ് അനുമതി നൽകിയതെങ്കിൽ രണ്ടരക്കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
നിയമപരമായി മാത്രമാണ് ബാങ്ക് ഭരണസമിതി പ്രവർത്തിച്ചിട്ടുള്ളതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ബാങ്കിനെ തകർക്കാനുള്ള ശ്രമമാണെന്നും പ്രസിഡന്റ് അനീഷ് പറഞ്ഞു.
വായ്പകളിൽ വൻ കുടിശിക; ആറാട്ടുപുഴ സഹകരണ ബാങ്കിലും പണമില്ല
കോഴഞ്ചേരി: 787-ാം നന്പർ ആറാട്ടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നിലനില്പും പ്രതിസന്ധിയിലേക്ക്. നിക്ഷേപകർക്ക് പലിശ പോലും നൽകാനാകാത്ത സാഹചര്യമാണ് ബാങ്കിൽ നിലനിൽക്കുന്നത്.
വായ്പയായി നൽകിയ വൻതുകകളിൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് പ്രതിസന്ധി. ബാങ്കിൽ അക്കൗണ്ടുള്ള ആളുകള്‍ ആയിരം രൂപയുടെ ചെക്കുകൊടുത്താല് പോലും മാറാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രതിദിന പണമിടപാടുകൾ തടസപ്പെട്ട സാഹചര്യത്തിൽ വായ്പകൾ തിരികെപിടിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ അതും തടസപ്പെട്ടതായി പറയുന്നു.
പത്ത് ലക്ഷത്തിലധികമുള്ള തുക വായ്പയായി നല്കുമ്പോള് അതിനുപോലും വ്യക്തമായ സെക്യൂരിറ്റി പലരും ബാങ്കിനു നൽകിയിട്ടില്ല.
വായ്പ നൽകുന്പോൾ തന്നെ ഇതിലെ പോരായ്മ ജീവനക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണസമിതിയംഗങ്ങളായ സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മർദത്തിനു പിന്നിൽ തങ്ങൾക്കു താത്പര്യമുള്ളവരെ സഹായിക്കുകയായിരുന്നു.
വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സഹകരണ വകുപ്പ് പല തവണ ആവശ്യപ്പെട്ടിട്ടും ബാങ്ക് ഭരണസമിതി തയാറാകാതിരുന്നതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
വായ്പക്കാരോട് കൃത്യമായ സെക്യൂരിറ്റി ഉടമ്പടിയില്ലാതെ വന്‍തോതില്‍ വായ്പ നല്‍കിയതാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നു മുന്‍ ബാങ്ക് ഭരണസമിതിയംഗവും ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എന്‍.എസ്. കുമാര്‍ പറഞ്ഞു. ചിട്ടി പിടിച്ചതിന്റെ തുക പോലും തനിക്ക് നൽകിയിട്ടില്ലെന്ന് കുമാർ ചൂണ്ടിക്കാട്ടി.