പത്തനംതിട്ട ബാങ്ക് തെരഞ്ഞെടുപ്പ് എസ്എഫ്ഐ നേതാവിന്റെ കള്ളവോട്ടു ദൃശ്യങ്ങള്‍ പുറത്ത്
1338472
Tuesday, September 26, 2023 10:41 PM IST
പത്തനംതിട്ട: സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കള്ളവോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സിപിഎം.
ബാങ്കിന്റെ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കള്ളവോട്ട് ആരോപണത്തെ പ്രതിരോധിക്കാന്‍ കൂടി സിപിഎമ്മിന് ഇനി സമയം കണ്ടെത്തേണ്ടിവരും. ഭരണസമിതിയിലെ ഒന്നൊഴികെ എല്ലാ സീറ്റിലും യുഡിഎഫാണ് വിജയിച്ചത്. വിജയിച്ച ഒരു സീറ്റ് എല്‍ഡിഎഫ് പാനലിലെ അജിത് കുമാറിന്റെതാണ്. ഇദ്ദേഹമാകട്ടെ മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു.
ഞായറാഴ്ച നടന്ന ബാങ്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വ്യാപകമായ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫും യുഡിഎഫും പരസ്പരം കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായത് സിപിഎം നേതൃത്വമാണ്.
വര്‍ഷങ്ങളായി യുഡിഎഫ് ഭരണത്തിലുള്ള പത്തനംതിട്ട സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയ്ക്കു പുറത്തുള്ളവരെ എത്തിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്തതെന്നാണ് ആരോപണം. ഇതിനു പിന്നാലെ ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ നടത്തിയ ഒരു പ്രസംഗത്തിൽ തങ്ങൾക്കും കള്ളവോട്ട് ചെയ്യാൻ അറിയാമെന്നതിന്റെ തെളിവാണ് വിജയമെന്നു പറഞ്ഞതു സിപിഎമ്മിന് പിടിവള്ളിയുമായി.
അമൽ ബൂത്തിൽ അഞ്ചുതവണ
തിരുവല്ല സ്വദേശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ.എസ്. അമല്‍ അഞ്ചുതവണ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു വോട്ടു ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാൾ വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്നതും തിരിച്ചറിയൽ രേഖ കാണിക്കുന്നതും ബാലറ്റ് വാങ്ങുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്.
ഒരു ബൂത്തിൽ സംശയം ഉന്നയിച്ച ഉദ്യോഗസ്ഥനിൽ നിന്നു ബാലറ്റ് പിടിച്ചുവാങ്ങുന്നതും മറ്റൊരു അവസരത്തിൽ ആളെ തിരിച്ചറിഞ്ഞു ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളിൽ കാണാം.
പെരിങ്ങനാട്, കൊടുമണ്‍, മല്ലപ്പള്ളി ഭാഗത്തുള്ള വിദ്യാര്‍ഥി, യുവജന നേതാക്കള്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസിന്റെ വിവിധ സൈബര്‍ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. കള്ളവോട്ട് ആരോപണം നേതാക്കള്‍ നിഷേധിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് പരിശോധിക്കുമെന്നു മാത്രമാണ് വിശദീകരണം.
പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകള്‍ മാത്രമാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധിയെന്നിരിക്കേ തിരുവല്ല, അടൂർ, മല്ലപ്പള്ളി ഭാഗങ്ങളിലുള്ള സിപിഎം പ്രാദേശിക നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും വോട്ടെടുപ്പ് നടന്ന പത്തനംതിട്ട മാര്‍ത്തോമ്മ സ്കൂള്‍ പരിസരത്ത് മുഴുവന്‍ സമയവുമുണ്ടായിരുന്നു.
ഇതേച്ചൊല്ലി നിരവധി തവണ യുഡിഎഫ്, എല്‍ഡിഎഫ് സംഘര്‍ഷം ഉടലെടുക്കുകയും പോലീസ് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തിരുന്നു.
നേരിടാൻ കോണ്‍ഗ്രസ്
പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികളിലേക്കു കോണ്‍ഗ്രസ് നീങ്ങുമെന്ന പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ തെരഞ്ഞെടുപ്പു നടന്ന പല സഹകരണ ബാങ്കുകളുയെടും ഭരണം കള്ളവോട്ടിലൂടെയാണ് എല്‍ഡിഎഫ് നേടിയതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്കിലും അടൂര്‍ അര്‍ബന്‍ ബാങ്കിലുമൊക്കെ ഭരണം അട്ടിമറിച്ചത് സമാനമായ രീതിയിലാണ്.
ഇത്തരം നടപടികള്‍ ജനാധിപത്യത്തിനും സഹകരണ മേഖലയുടെ നിലനില്പിനും ദോഷകരമാണ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്നും നിയമനടപടികളിലൂടെ ഇതിനെ പ്രതിരോധിക്കുമെന്നു സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കള്ളവോട്ടുകള്ക്കുള്ള ശ്രമം എല്‍ഡിഎഫ് നടത്തുമെന്ന് മുന്‍കൂട്ടി കണ്ട് നടപടികള്‍ നടത്തിയതിനാലാണ് യുഡിഎഫിന് ഭരണം നിലനിര്‍ത്താനായതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ അഴൂര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 932 പുതിയ അംഗങ്ങളാണ് ബാങ്കിലുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശരാശരി 900 വോട്ടുകളാണ് എല്‍ഡിഎഫ് പാനലിലെ സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചത്. ഇത്തവണ ഇത് 1500 മുതല്‍ 1600 വരെയായി ഉയര്‍ന്നു. 11667 അംഗങ്ങളാണ് ബാങ്കിലുള്ളത്.
പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ വ്യാപക കള്ളവോട്ട് നടന്നതിന്റെ തെളിവ് പുറത്തു വന്നിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് അലന് ജിയോ മൈക്കിള്‍ ആവശ്യപ്പെട്ടു.
തിരുവല്ല സ്വദേശിയായ എസ്എഫഐ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള ബാങ്ക് പരിധിക്ക് പുറത്തുളളവരും ബാങ്കില്‍ അംഗത്വം ഇല്ലാത്തവരുമായ നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നിരിക്കുകയാണ്.
മുന്‍പും ജില്ലയിലെ പല സഹകരണ സ്ഥാപനങ്ങളിലേയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനു വേണ്ടി എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ സമാനമായ പ്രവര്‍ത്തനം ഉണ്ടായിടുണ്ട് കോളജ് യൂണിയന് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അതേ സമീപനമാണ് ഇവര്‍ സഹകരണ ബാങ്കുകളിലും സ്വീകരിച്ചുവരുന്നതെന്ന് അലന് ആരോപിച്ചു.
സുരേഷിന്റെ നാവുപിഴ
കള്ളവോട്ട് ആരോപണത്തിൽ സഹികെട്ട് ഇരുന്ന സിപിഎമ്മിനു ലഭിച്ച പിടിവള്ളിയായി ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാറിന്റെ പ്രസംഗം. ബാങ്ക് ഭരണസമിതിയിലേക്കു മത്സരിച്ചു ജയിച്ച സുരേഷ് കുമാർ ഞായറാഴ്ച വൈകുന്നേരം നടന്ന സ്വീകരണ യോഗത്തിലാണ് ആവേശത്തോടെ പ്രസംഗിച്ചത്.
"ഞാൻ കോൺഗ്രസ് പ്വർത്തകരോടു പറയുകയാണ്, ഇവിടെ ഈ തെരഞ്ഞെടുപ്പ് കണ്ട് പഠിക്കണം. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഇവൻമാർക്ക് മാത്രമല്ല, ഞങ്ങൾക്കും അറിയാം എന്നത് വളരെ വ്യക്തമായി കാണിച്ചു കൊടുത്തിരിക്കുകയാണ്.
" സുരേഷിന്റെ പ്രസംഗത്തിലെ ഈ ഭാഗങ്ങൾ സിപിഎം ഗ്രൂപ്പുകളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങി. ഇത് തെളിവായി സ്വീകരിച്ച് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് സിപിഎം.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
പത്തനംതിട്ട സഹകരണ ബാങ്കിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്നു രാവിലെ അംഗങ്ങൾക്ക് നിർദേശം നൽകുമെന്നാണ് സൂചന. ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന അനിൽ തോമസും മുൻ ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന എ. സുരേഷ് കുമാറും ഏബൽ മാത്യുവും പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
പരാതികൾ ലഭിച്ചിട്ടില്ല
പത്തനംതിട്ട സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ വ്യക്തമാക്കി.
അതേസമയം വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കള്ളവോട്ടിന്റെ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സഹകരണ വകുപ്പിന് സ്വമേധയാ കേസെടുക്കാനാകുമെന്നും നിയമവിദഗ്ധർ പറയുന്നു.