എംസി റോഡിലെ വാഹനപരിശോധന; ഒറ്റദിവസത്തിൽ 240 കേസുകൾ
1337287
Thursday, September 21, 2023 11:54 PM IST
പന്തളം: എംസി റോഡില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് പത്തനംതിട്ട റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. ദിലുവിന്റെ നേതൃത്വത്തില്‍ കുളനട മുതല്‍ മാന്തുക വരെയുള്ള ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ 240 കേസുകള്‍ എടുത്തു.
പന്തളം-റാന്നി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 18 പേര്‍ക്കെതിരേ കേസെടുത്തു.
ഓവര്‍ലോഡ്, സണ്‍ഫിലിം, ഇന്‍ഷ്വറന്‍സ്, ടാക്സ്, വിത്ത് ഔട്ട് ഫിറ്റ്നസ്, അഡീഷണല്‍ ലൈറ്റ്സ്, ഓള്‍ട്ടറേഷന്‍സ്, എയര്‍ഹോണ്‍ തുടങ്ങിയ കേസുകളിലായി രണ്ടു ലക്ഷത്തിലധികം തുക പിഴ ഈടാക്കി.
അടൂര്‍, കോന്നി, റാന്നി ആര്‍ടിഒ ഓഫീസുകളിലെ സ്ക്വാഡുകളും ജോയിന്റ് ആര്‍ടിഒയും എംവിഐമാരും ഉള്‍പ്പെടെ 40 ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
എംസി റോഡിൽ കുളനട മുതൽ പറന്തൽ വരെയുള്ള ഭാഗങ്ങളിൽ അപകടസാധ്യത ഏറെയുണ്ടെന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷിച്ചു. അമിതവേഗവും അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്.
സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കുന്നതിന് ഡ്രൈവർമാരെ ബോധവത്കരിച്ചുകൊണ്ടാണ് വാഹന പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസുകളുൾപ്പെടെ തടഞ്ഞ് വേണ്ട നിർദേശം ആർടിഒ നൽകിയിരുന്നു.