രാജ്യത്തെ വനിതകൾക്കു നീതി ഉറപ്പാക്കാനാകുന്നില്ല: ജെബി മേത്തർ
1300837
Wednesday, June 7, 2023 10:44 PM IST
പത്തനംതിട്ട: രാജ്യത്തിന്റെ പരമോന്നത രാഷ്ട്രപതി സ്ഥാനം അലങ്കരിക്കുന്ന വനിതയെപ്പോലും അവഹേളിച്ച ഭരണാധികാരിയുടെ കീഴിൽ വനിതകൾക്കു നീതി ഉറപ്പാക്കാനാകില്ലെന്നു മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. മഹിളാ കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത് രാഷ്ട്രപതിയാണ്. അതുപോലും സമ്മതിക്കാതിരുന്നയാളാണ് പ്രധാനമന്ത്രി. രാജ്യത്തിന്റെ യശസ് ഉയർത്തിയ വനിതാ കായികതാരങ്ങൾ നീതിക്കുവേണ്ടി നടത്തിയ പോരാട്ടത്തെ കണ്ടില്ലെന്നു നടിച്ചു. അവർക്കു ലഭിച്ച മെഡലുകൾപോലും ഗംഗാനദിയിലേക്ക് എറിയേണ്ട സാഹചര്യംവരെ സൃഷ്ടിക്കപ്പെട്ടു. അവരുടെ പ്രശ്നം എന്താണെന്നു മനസിലാക്കി നടപടിയെടുക്കാതിരുന്ന പ്രധാനമന്ത്രി രാജ്യത്തെ വനിതകളെ തന്നെ അപമാനിച്ചിരിക്കുകയാണെന്നു ജെബി മേത്തർ കുറ്റപ്പെടുത്തി.
ജില്ല പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, മുൻ പ്രസിഡന്റ് മോഹൻ രാജ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജലക്ഷ്മി, ജനറൽ സെക്രട്ടറിമാരായ സുജ ജോൺ, സുധ നായർ, ലാലി ജോൺ, ഗീത ചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ ദീപഅനിൽ, ഓമന രാജപ്പൻ, വിബിത ബാബു, ആശ തങ്കപ്പൻ, മഞ്ജു വിശ്വനാഥ്, അനില ദേവി തുടങ്ങിയവർ പ്രസംഗിച്ചു.
ഒളിമ്പിക്സിൽ ഉത്തർപ്രദേശിൽ നടന്ന ദേശീയ യൂണിവേഴ്സിറ്റിതല റോം വിംഗ് മത്സരങ്ങളിൽ കേരളത്തിനു വേണ്ടി രണ്ട് സ്വർണമെഡൽ നേടിയ ദേവപ്രിയ ദിലീപിനെ യോഗത്തിൽ ആദരിച്ചു.