പോക്സോ കേസിൽ പ്രതിക്ക് 12 വർഷം തടവും 1.50 ലക്ഷം പിഴയും
1300594
Tuesday, June 6, 2023 10:48 PM IST
അടൂർ: പോക്സോ കേസ് പ്രതിക്ക് 12 വർഷം കഠിന തടവും1,50,000 രൂപ പിഴയും ശിക്ഷിച്ചു. കൊടുമൺ രണ്ടാംകുറ്റി അനന്തുഭവനിൽ അനീഷി (44)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എ. സമീർ ശിക്ഷിച്ചത്.
പതിനാറുകാരിയായ പെൺകുട്ടി വിറകുമായി നടന്നു പോകവേ പ്രതി കടന്നു പിടിച്ച് അടുത്തുള്ള റബർ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുകയും ബഹളം വച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നു. 2018ൽ കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കൊടുമൺ എസ്എച്ച്ഒ ആയിരുന്ന ആർ. രാജീവ് രജിസ്റ്റർ ചെയ്ത കേസിൽ അതിജീവിത പട്ടികജാതി, വർഗ സമുദായത്തിൽപ്പെട്ടതാണെന്ന് ബോധ്യം വന്നതിനേ തുടർന്ന് അന്നത്തെ അടൂർ ഡിവൈഎസ്പി ആയിരുന്ന ആർ. ജോസാണ് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴ തുക അടക്കാത്തപക്ഷം 18 മാസം കൂടി അധിക കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വിധി ഉള്ളതിനാൽ അഞ്ചു വർഷം കഠിന തടവ് മതിയാകും.