ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് വികസന പദ്ധതിയുടെ പ്രാഥമിക സര്‍വേ ആരംഭിച്ചു
1280249
Thursday, March 23, 2023 10:48 PM IST
കൊടുമൺ: പത്തനംതിട്ട ജില്ലയിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് പാതയായ ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ആധുനിക രീതിയില്‍ 43 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിര്‍മാണം സാധ്യമാക്കിയിട്ടുള്ളത്. പ്രധാന പാതകളെ സംബന്ധിച്ച കിഫ്ബിയുടെ പൊതുമാനദണ്ഡ പ്രകാരം പ്രാഥമികമായി 13.5 മീറ്റര്‍ വീതിയാണ് ഈ പ്രവൃത്തിക്കായി നിര്‍ദേശിച്ചിരുന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദേശ പ്രകാരം കിഫ്ബി ഉന്നത അധികാരികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റോഡ് വീതി 12 മീറ്റര്‍ ആയി നിജപ്പെടുത്തി തീരുമാനമെടുത്തിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി നിര്‍മാണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കോംപസിറ്റ് വ്യവസ്ഥയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതിയുമാണിത്. രാജി മാത്യു എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
പദ്ധതിയുടെ നിര്‍മാണ പ്രാഥമിക പ്രവര്‍ത്തനമായ ടോട്ടല്‍ സര്‍വേയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. റോഡിന്റെ അലൈന്മെന്റ് വിഭാവനം ചെയ്യുന്നതിനായി നിലവിലുള്ള റോഡ് മധ്യത്തില്‍ നിന്നും ഇരുവശത്തേക്കുമായി 12 മീറ്റര്‍ വീതി ക്രമീകരിക്കത്തക്ക രീതിയിലാവും സര്‍വേ നടത്തുക. ഇത്തരത്തില്‍ അതിര്‍ത്തികള്‍ നിര്‍ണയിച്ച് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്, കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മഞ്ജു, ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബാബു ജോണ്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ വിപിന്‍ കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ എസ്. ഹാരിസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.