ഇ-പോസ് മെഷീനിലെ തകരാർ, റേഷൻ വിതരണം പ്രതിസന്ധിയിൽ
1246619
Wednesday, December 7, 2022 10:09 PM IST
കോഴഞ്ചേരി: റേഷന് കടകളിലെ ഇ-പോസ് മെഷീനുകള് തകരാറിലായതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇന്റർനെറ്റ് ലഭിക്കാത്തതിനാല് ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ സാധനങ്ങള് ലഭിക്കാതെ ജനങ്ങള് ബുദ്ധിമുട്ടുന്നു.
തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ വിവിധ റേഷന് കടകളിൽ കഴിഞ്ഞ ഒരാഴ്ചയായി ഇ-പോസ് മെഷീനുകളില് നെറ്റ് സൗകര്യം ലഭിക്കാതിരിക്കുന്നത്.
കാര്ഡുടമകള് കടകളിലെത്തി നമ്പര് ഇ-പോസ് മെഷീനില് കൊടുക്കുമ്പോള് കാര്ഡിലെ അംഗങ്ങളുടെ വിവരങ്ങള്ക്കായി കാത്തിരിക്കുക എന്ന സന്ദേശമാണ് ലഭിക്കുക. പലപ്പോഴും മണിക്കൂറുകളോളമാണ് ആളുകള് കാത്തിരിക്കുന്നത്. സര്ക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം രാവിലെ ഒന്പതു മുതൽ ഒന്നുവരെയാണ് റേഷന് കടകള് തുറന്നു പ്രവര്ത്തിക്കുന്നത്.
അടുത്താഴ്ച ഉച്ചക്ക് മാത്രമേ പ്രവര്ത്തിക്കാവൂ എന്നും ഭക്ഷ്യവകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്. ജോലിക്കുമറ്റും പോകുന്ന ആളുകള്ക്ക് ഇ-പോസ് മെഷീൻ പ്രവര്ത്തിക്കാത്തതിനാല് റേഷന് സാധനങ്ങള് വാങ്ങാൻ തന്നെ കഴിയാത്ത സാഹചര്യമാണ്.