സൈനികനായ മകന്റെ മരണം ലോക്കപ്പ് മര്‍ദനത്തെ തുടർന്നെന്ന് അമ്മ
1512431
Sunday, February 9, 2025 5:44 AM IST
കൊല്ലം: സൈനികനായ മകന്റെ മരണം പോലീസിന്റെ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ആരോപണവുമായി അമ്മ രംഗത്ത്. കുണ്ടറ മുളവന സാജന് കോട്ടേജില്‍ തോംസണ്‍ തങ്കച്ചന്റെ(32) മരണത്തിലാണ് ആരോപണവുമായി മാതാവ് ഡെയ്സി മോള് രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 നാണ് തോംസണ്‍ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ തലയ്ക്ക് പുറകിലേറ്റ ക്ഷതവും ആന്തരാവയവങ്ങളിലെ നീര്‍ക്കെട്ടുമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മളവന ഫാന്‍സി ഹാളില്‍ വൈറ്റസിന്റെ മകള്‍ വിന്നിയെയാണ് തോംസണ്‍ വിവാഹം ചെയ്തത്. 2024 ഓഗസ്റ്റില്‍ മകന് അവധിക്കു വന്നതുമുതൽ ഭാര്യ വീട്ടിലായിരുന്നു താമസം. ഈ സമയം ഭാര്യയുമായി ചില പ്രശ്നങ്ങളെക്കുറിച്ച് വാക്കുതര്‍ക്കമുണ്ടായി. ഒക്ടോബര്‍ 11 ന് രാത്രി 11 ന് ഭാര്യ വീട്ടുകാര്‍ സംഘം ചേർന്ന് മര്‍ദിച്ചു. അന്നേ ദിവസം രാത്രി 11.20 ന് പേരയം പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ കുണ്ടറ പൊലിസ് സ്റ്റേഷനില്‍ മകനെതിരേ സ്ത്രീധന പീഡനത്തിന് പരാതി നൽകി അറസ്റ്റ് ചെയ്തതായി ഡെയ്സി പറഞ്ഞു.
പോലീസ് കസ്റ്റഡിയിൽ ലോക്കപ്പ് മര്‍ദനത്തിന് വിധേയമാക്കുകയും ചെയ്തു. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കി. പോലീസിന്റെ വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് ചെയ്ത് കൊല്ലം സബ് ജയിലിലാക്കി. സൈനികനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും കുണ്ടറ പോലീസ് പാലിച്ചില്ലന്ന് അമ്മ ചൂണ്ടിക്കാട്ടി.
പൊലീസുകാര്‍ മര്‍ദിച്ച കാര്യത്തെപ്പറ്റി കോടതിയില്‍ പറഞ്ഞാല്‍ ജോലി ഇല്ലാതാക്കുമെന്നും കള്ള കേസുകളില്‍ കുടുക്കുമെന്നും പറഞ്ഞ് പൊലിസുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ ഇയാളെ പൊലീസ് സഹായിയായ ഓട്ടോ ഡ്രൈവര്‍ തന്റെ വീട്ടില്‍ കൊണ്ടു വന്നു. അവശനിലയിലായിരുന്ന തോംസൺ തുടര്‍ന്നു കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലിസിന്റെ പീഡനത്തെ തുടര്‍ന്ന് നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടായ മുഴ സര്‍ജറി ചെയ്യാനായി ഡിസംബര്‍ 13 ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. 20 ന് ഡിസ്ചാര്‍ജായി വീട്ടിലെത്തി. 27ന് രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലിസിന്റെ കൊടിയ മര്‍ദനമാണ് മകന്റെ മരണത്തിന് കാരണമായത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു.