പകുതി വിലയ്ക്ക് സാധനങ്ങള്‍: ചവറയില്‍ 4131788 ലക്ഷം നഷ്ടമായി
1512025
Friday, February 7, 2025 5:54 AM IST
ചവറ: പകുതി വിലയ്ക്ക് സ്കൂട്ടര്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, ലാപ് ടോപ്പ് എന്നിവ നല്‍കാമെന്ന് പറഞ്ഞ് വ്യാപകമായി പണം തട്ടിപ്പിന് ഇരയായവരില്‍ ചവറ, പന്മന, തേവലക്കര, നീണ്ടകര, ചവറ തെക്കുംഭാഗം മണ്ഡലത്തിലുള്ളവരും പെട്ടു. വാര്‍ഡുകളിലെ ജന പ്രതിനിധികളെയാണ് ഇതിനായി ഇവര്‍ മറയാക്കി തട്ടിപ്പ് നടത്തിയത്.
സംസ്ഥാനത്തൊട്ടാകെ തട്ടിപ്പ് നടത്തിയെന്ന് മനസിലാക്കിയവരാണ് ചവറ പോലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. ഇരു ചക്ര വാഹനത്തിനായി 49പേരും, ഗൃഹോപകരണങ്ങള്‍ക്കായി 20 പേരും ലാപ് ടോപ്പിനായി ഒന്‍പത് പേരും, മൊബൈല്‍ ഫോണിനായി ആറ് പേരും, ഭക്ഷ്യ വസ്തുക്കള്‍ക്കായി 35പേരും പണം നല്കി.
ചവറ സോഷ്യോ എക്കണോമിക്സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡെവലപ്പമെന്റ് സൊസൈറ്റി (സീഡ്) എന്ന പേരില്‍ രൂപീകരിച്ച സംഘടന വഴിയാണ് പണം നിക്ഷേപിച്ചത്. ജനങ്ങളുടെ വിശ്വാസ്യത പിടിച്ച് പറ്റാന്‍ വേണ്ടി ജന പ്രതിനിധികള്‍ വഴിയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് നാട്ടുകാരില്‍ നിന്നു പണം വാങ്ങിയത്.
4131788 ലക്ഷം ഇത്തരത്തില്‍ പലരില്‍ നിന്നായി നഷ്ടമായി. ജനപ്രതിനിധികള്‍ക്കും മറ്റുള്ളവര്‍ക്കും വിശ്വാസം വരാനായി ഓണക്കാലത്ത് പകുതി വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഇവര്‍ നല്‍കിയിരുന്നു. തട്ടിപ്പ് സംഘത്തില്‍ വിശ്വാസം വന്നതോടെ കൂടുതല്‍ പേര് പകുതി വിലയ്ക്ക് സാധനം വാങ്ങാന്‍ പണം നല്‍കുകയായിരുന്നു. കബളിപ്പിക്കപ്പെട്ട ജനപ്രതിനിധികളുള്‍പ്പടെയുള്ളവര്‍ ഒരുമിച്ചാണ് പരാതി നൽകിയത്.