മത്സ്യബന്ധന ബോട്ട് നീണ്ടകര പാലത്തിന്റെ നിർമാണ തൂണിൽ തട്ടി മുങ്ങി
1460512
Friday, October 11, 2024 5:53 AM IST
ചവറ: മത്സ്യബന്ധന ബോട്ട് നീണ്ടകര പാലത്തിന്റെ നിർമാണ തൂണിൽ തട്ടി മുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് നീണ്ടകര ഹാർബറിലെത്തി മത്സ്യ കച്ചവടം കഴിഞ്ഞ് തിരികെ ബോട്ട് കടവിൽ കെട്ടിയിടാൻപോകുന്നതിനിടയിലാണ് സെന്റ് ജോസഫ് എന്ന ബോട്ട് അപകടത്തിൽപ്പെട്ട് മുങ്ങിയത്.
ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. വിവരം അറിഞ്ഞ് നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് രക്ഷാപ്രവർത്തനം നടത്തി.
മുങ്ങിയ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. ശക്തികുളങ്ങര സാഗര മാതാ നിവാസിൽ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്.
ബെന്നിയെ കൂടാതെ ബോട്ടിൽ സെബാസ്റ്റ്യൻ, ബാബു, പ്രിൻസ്, ബോസ്കോ, സതീഷ്, ജോസ് എന്നീ മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. കായലിൽ താഴ്ന്ന ബോട്ട് ക്രെയിൻ ഉപയോഗിച്ച് പൊക്കി കരയിൽ എത്തിച്ചു.