ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു
1460483
Friday, October 11, 2024 5:39 AM IST
കൊല്ലം: മൂല്യബോധം കൈമോശം വന്ന സമൂഹത്തിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രചാരകർ ആകണമെന്ന് കൊല്ലം സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രദീപ്കുമാർ. കൊട്ടിയം പൗരവേദിയും എക്സൈസിന്റെ വിമുക്തിയും സംയുക്തമായി മൈലാപ്പൂർ എകെഎംഎച്ച് എസ്എസിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയിലുള്ള ആസക്തിയും ഡിജിറ്റൽ ആസക്തിയും വിദ്യാർഥി സമൂഹത്തെ ബാധിച്ചിരിക്കുന്ന വിഷയങ്ങളാണ്. അതിൽ നിന്നുള്ള മോചനത്തിലൂടെ മാത്രമേ മൂല്യബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. ജസീന അധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ.കൊട്ടിയം എൻ. അജിത്കുമാർ, സ്കൂൾ പിടിഎ പ്രസിഡന്റ് അൻസർ, പൗരവേദി ട്രഷറർ സാജൻ കാവറാട്ടിൽ, സ്റ്റാഫ് സെക്രട്ടറി സി.എസ്. ബിജു, രാജു നന്ദനം, അഹമ്മദ് ഉഖൈൽ, രാജേഷ് എന്നിവർ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് ചാത്തന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽകുമാർ നയിച്ചു.
പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയുള്ള സൈക്കിൾ റാലിയും നടന്നു. റാലിയിൽ എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ് കേഡറ്റുകൾ ഉൾപ്പെടെ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കഴിഞ്ഞ ഒന്നിന് ആരംഭിച്ച കാമ്പയിൻ നവംബർ ഒന്നിന് അവസാനിക്കും.