കാളകെട്ടുൽസവത്തിന് ഒരുങ്ങി ഓണാട്ടുകര
1460482
Friday, October 11, 2024 5:39 AM IST
കരുനാഗപ്പള്ളി: ഓണാട്ടുകരക്കാരുടെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ നടക്കുന്ന കെട്ടുകാളകളുടെ എഴുന്നള്ളിപ്പ് നാളെ നടക്കും. കന്നിമാസത്തിലെ തിരുവോണം നാളിൽ കാർഷിക പാരമ്പര്യത്തിന്റെ ഓർമ പുതുക്കി കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽനിന്നായി നൂറ്റിയമ്പതിൽ പരം നന്ദികേശസമിതികളുടെ നന്ദികേശരൂപങ്ങൾ പടനിലത്തേക്ക് എത്തും. ചുവപ്പും വെള്ളയും നിറങ്ങളിലാണ് നന്ദികേശ രൂപങ്ങൾ. ഇതിൽ ചുവപ്പ് പരമശിവനായും വെള്ള പാർവതിയായും സങ്കല്പിച്ചാണ് ഒരുക്കുന്നത്.
കൈക്കുമ്പിളിൽ എടുക്കാവുന്നതു മുതൽ അംബര ചുംബികളായി നിൽക്കുന്ന കൂറ്റൻ നന്ദികേശൻമാർ പടനിലത്ത് എത്തും. കൂടാതെ സ്വർണത്തിലും വെള്ളിയിലും തീർത്ത നന്ദികേശന്മാരും വിവിധ കരക്കാരും സംഘടനകളും, വനിതാ സമാജം പ്രവർത്തകരും കഴിഞ്ഞ ഒരു മാസക്കാലമായി വ്രതനിഷ്ഠയോടെയാണ് കെട്ടുകളെ അണിയിച്ചൊരുക്കുന്നത്. ഇരുപത്തിയെട്ടാം ഓണ ദിവസം ഓച്ചിറ പടനിലം അക്ഷരാർഥത്തിൽ ജനസാഗരമാക്കും.
ഉത്സവത്തിന്റെ ഭാഗമായ കെട്ടുരുപ്പടിയോടൊപ്പം ഡിജെ പാർട്ടി, പ്രോപ് എന്നിവ കർശനമായി ഒഴിവാക്കും. ഓരോ ഉരുപ്പടിയോടൊപ്പവും അഗ്നിശമനോപാധികൾ, സിസിടിവി എന്നിവ ഉണ്ടായിരിക്കണം. കെട്ടുരുപ്പടികൾ എല്ലാം കൃത്യ സമയത്ത് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന് ഓച്ചിറ പഞ്ചായത്തിനേയും ചുമതലപ്പെടുത്തി. ക്ഷേത്രഭരണ സമിതി ഭാരവാഹികൾ, കാളകെട്ട് സമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായി 12ന് നടക്കുന്ന കാളകെട്ട് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ കൊല്ലം സബ്കളക്ടർ നിശാന്ത് സിൻഹാരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സുരക്ഷിതമായി ഉത്സവം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ദേശീയപാതയിലെ അപകടകരമായ നിർമിതികൾ ഒഴിവാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി എൻഎച്ച്, വിശ്വസമുദ്ര എന്നിവയ്ക്ക് ചുമതല നൽകി.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന് ഓച്ചിറ പഞ്ചായത്തിനേയും ചുമതലപ്പെടുത്തി. ക്ഷേത്രഭരണ സമിതി ഭാരവാഹികൾ, കാളകെട്ട് സമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.