തപാൽ ദിനത്തിൽ പോസ്റ്റ്മാന് ആദരവുമായി വിദ്യാർഥികൾ
1460174
Thursday, October 10, 2024 6:45 AM IST
കൊല്ലം: തപാൽ ദിനത്തിൽ പോസ്റ്റ്മാന് ആദരവുമായി വിദ്യാർഥികൾ. കാക്കോട്ടുമൂല ഗവ. മോഡൽ യുപി സ്കൂളിലെ വിദ്യാർഥികളാണ് ലോക തപാൽ ദിനത്തിൽ കാക്കോട്ടുമൂല മയ്യനാട് പ്രദേശത്തെ പോസ്റ്റ്മാനായ സതീശന് ആദരവ് അർപ്പിച്ചത്.
സ്കൂളിലും കുട്ടികളുടെ വീടുകളിലും കത്തുമായി എത്തുന്ന പോസ്റ്റുമാനെ ലോക തപാൽ ദിനത്തിൽ സ്കൂളിലേക്ക് ക്ഷണിക്കണമെന്നും ആദരവ് നൽകണമെന്നുമുള്ള ആവശ്യം സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികളാണ് അധ്യാപകർക്കു മുമ്പാകെ വച്ചത്.
സ്കൂളിനു വേണ്ടി സീനിയർ അധ്യാപകനും സോഷ്യൽ സയൻസ് ക്ലബ് കൺവീനറുമായ എസ്. മനോജ് പോസ്റ്റുമാൻ സതീശനെ പൊന്നാടയണിയിച്ചു. പ്രമാധ്യാപകൻ എ. ഗ്രഡിസൺ സ്കൂളിന് വേണ്ടി ഉപഹാരം സമ്മാനിച്ചു . തപാൽ ദിനത്തിൽ ഇങ്ങനെയൊരു ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചും പോസ്റ്റുമാൻ സതീശൻ കുട്ടികളോട് പറഞ്ഞു.
കുട്ടികൾക്കായി പോസ്റ്റുകാർഡിൽ കത്തെഴുത്തു മത്സരവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അജയകുമാർ, എസ്ആർജി കൺവീനർ ഡോ. എസ്. ദിനേശ്, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, ആർ. ബിന്ദു, ശ്രീദേവി, ജെസി, ഗ്രീഷ്മ, തഹസീന, അമൃത രാജ്, ആമിന, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, അൻസ, എ.എസ്. ബിജി, ശാരിക, ഇന്ദു എന്നിവർ തപാൽ ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .