ഭക്ഷ്യ സുരക്ഷയിൽ അഭിമാനകരമായ നേട്ടം: മന്ത്രി ജി.ആർ. അനിൽ
1459509
Monday, October 7, 2024 6:21 AM IST
ചവറ : ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യസുരക്ഷയിലും പൊതുവിപണിയിലെ സർക്കാരിന്റെ ഇടപെടലുകളിലും കേരളം അഭിമാനകരമായ വിധം മുൻപന്തിയിലാണെന്ന് മന്ത്രി ജി.ആർ. അനിൽ. ചവറ കൊട്ടുകാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യധാന്യങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോൾ തന്നെ പൊതുവിപണിയിൽ ശക്തമായി ഇടപെടാനും ക്രമാതീതമായി വിലക്കയറ്റം ഉണ്ടാകുന്നത് തടയാനും സർക്കാരിന് സാധിക്കുന്നുണ്ട്. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവ അത്തരത്തിലുള്ള സർക്കാരിന്റെ പൊതു വിപണിയിലെ നേരിട്ടുള്ള ഇടപെടലുകൾ ആണ്.
സബ്സിഡി സാധനങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും നൽകി വരുന്ന മാവേലി സ്റ്റോറുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആയി നവീകരിച്ച് വരികയാണ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉള്ള മാവേലി സ്റ്റോറുകൾ ഇത്തരത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. സുരേഷ് കുമാർ, സപ്ലൈകോ മേഖല മാനേജർ എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്ഥിരം സമിതി അധ്യക്ഷർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.