പുത്തൂർ ഹൈടെക് മാർക്കറ്റിൽ മാലിന്യക്കൂമ്പാരം
1459062
Saturday, October 5, 2024 6:03 AM IST
കൊട്ടാരക്കര: പുത്തൂർ ഹൈടെക് മാർക്കറ്റ് ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുന്പ്പരിസരം വൃത്തിഹീനമായി. മാലിന്യ പ്ലാന്റിന് മുന്നിൽ മാലിന്യം നിറയുകയാണ്. കിഫ്ബി സഹായത്തോടെ 2.84 കോടി മുടക്കിയാണ് മത്സ്യമാർക്കറ്റ് നിർമിച്ചത്.
തീരദേശ വികസന കോർപ്പറേഷനായിരുന്നു നിർമാണ ചുമതല. ഓഗസ്റ്റ് 30 ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാനം ചെയ്തു. മത്സ്യവും പച്ചക്കറിയുമടക്കം വില്പന സ്റ്റാളുകൾ തുടങ്ങി. മാർക്കറ്റ് സജീവമാണ്. മത്സ്യ വില്പന ഇടങ്ങളിലെ മലിന ജലവും മറ്റ് മാലിന്യങ്ങളും സംസ്കരിക്കാൻ പ്ലാന്റ് തയാറാക്കിയിട്ടുണ്ട്. അതിനാൽ മാർക്കറ്റ് കെട്ടിടത്തിനുള്ളിൽ ദുർഗന്ധമില്ല.
എന്നാൽ കെട്ടിടത്തിന് പുറത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പ്ളാസ്റ്റിക്കും പൊട്ടിച്ച കുപ്പികളും മറ്റ് മാലിന്യങ്ങളുമെല്ലാം മാലിന്യ പ്ലാന്റിന് സമീപത്തായി കൂട്ടിയിട്ടിരിക്കുകയാണ്. വശങ്ങളിലെല്ലാം മാലിന്യമാണ്. കുളക്കട പഞ്ചായത്തിന്റെ ചുമതലയിലാണ് ചന്ത പ്രവർത്തിക്കുന്നത്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പഞ്ചായത്ത് താത്പര്യമെടുത്തിട്ടില്ല.
കാലങ്ങളായി പുത്തൂർ ചന്ത ദുരിതാവസ്ഥയിലായിരുന്നു. മാലിന്യമായിരുന്നു എക്കാലത്തേയും വലിയ പ്രശ്നം. 2.84 കോടി രൂപ ഉപയോഗിച്ച് ഹൈടെക് മാർക്കറ്റ് സമുച്ചയം തയാറാക്കിയിട്ടും മാലിന്യ പ്രശ്നം പൂർണമായും പരിഹരിക്കാനായില്ലെങ്കിൽ ഇതിന് മുൻകൈയെടുത്ത മന്ത്രിക്കും പഞ്ചായത്തിനുമെല്ലാം നാണക്കേടാകും.
5700 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിച്ചത്. പത്ത് കടമുറികൾ നിർമിച്ചത് ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ലേലവും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാക്കാൻ പഞ്ചായത്ത് തീരെ താത്പര്യമെടുക്കുന്നില്ല.