ലഹരി വിപത്തിനെതിരെയുളള അനാസ്ഥ അവസാനിപ്പിക്കണം: മദ്യവിരുദ്ധ സമിതി
1454098
Wednesday, September 18, 2024 6:05 AM IST
കൊല്ലം: ലഹരിവിപത്തുമൂലം വർധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമങ്ങളും വാഹനാപകടങ്ങളും നിയന്ത്രിക്കുന്നതിലുളള സർക്കാരിന്റെ അനാസ്ഥ അവനാസിപ്പിക്കണമെന്ന് കെസിബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
നാടാകെ മദ്യമെത്തിക്കുകയും മയക്കുമരുന്നിനെതിരെ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുന്നതുമായ സർക്കാരിന്റെ മദ്യനയ കാപട്യത്തിന്റെ അനന്തരഫലമാണ് തുടർ ച്ചയായ ലഹരി ദുരന്തങ്ങൾ. മദ്യവും മറ്റ് ലഹരികളും അതിന് അടിമപ്പെട്ടവരുടെ സാന്നിധ്യവും ജനങ്ങളുടെ സ്വൈര്യ ജിവിതത്തിനും ജീവനും എത്രത്തോളം ഭീഷണിയായിമാറുന്നതിന്റെ നേർക്കാഴ്ചയാണ് മൈനാഗപ്പളളി വാഹനാപകടം.
മദ്യവിപത്തിന്റെ ഗുരുതരാവസ്ഥയെ അതിസമർഥമായി മറച്ചുവച്ച് മദ്യ വ്യവസായ ജീവനക്കാരുടെ ബോണസ് നിരക്കും മദ്യനികുതി വരുമാന വർധനവും ആഘോഷിക്കുന്നത് ജനവഞ്ചനയാണ്. ശാരീരിക മാനസിക ആരോഗ്യം തകർന്ന ലഹരി ആസക്തരുടെ വിമോചനത്തിനും വീണ്ടെടുപ്പിനുമുളള അടിയന്തിര നടപടികൾ സ്വീകരിക്കണം.
സംസ്ഥാനത്തെ മദ്യ ലഹരി വിപത്തിന്റെ വ്യാപ്തിയും സങ്കീർണതയും സത്യസ ന്ധമായി വിലയിരുത്താനും മദ്യനയം കൂടുതൽ ജനക്ഷേമകരമായി മാറ്റുവാനും സർ ക്കാർ ഇനിയെങ്കിലും തയാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
സമിതി രൂപതാ പ്രസഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ്, ജനറൽ സെക്രട്ടറി എ. ജെ . ഡിക്രൂസ്, പ്രോഗ്രാം സെക്രട്ടറി മാരായ അഡ്വ. ഇ. എമേഴ്സണ്‍, ബിനു മുതാക്കര, ഇഗ്നേഷ്യസ് സെറാഫീൻ, എം. എഫ്. ബർഗ്ലീൻ, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.