ചാത്തന്നൂർ പഞ്ചായത്ത് ജീപ്പ് ഡ്രൈവറെ മർദിച്ചവർക്കെതിരേ കേസെടുക്കണം
1453734
Tuesday, September 17, 2024 1:03 AM IST
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിന്റെ ജീപ്പ് ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കൾ ആക്രമിച്ചതായി പരാതി. ഡ്രൈവർ വിജയ്, അങ്കണവാടി ഹെൽപ്പർ പ്രിയ, ഹെൽപ്പറുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ വിജയുടെ ഒരു പല്ല് നഷ്ടമായി. താടിയെല്ലിന് ഗുരുതരമായ പരിക്കുണ്ട്. ഹെൽപ്പർ പ്രിയയ്ക്ക് തലയ്ക്ക് പരിക്കേറ്റു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ചത്തന്നൂർ പഞ്ചായത്തിലെ ഇടനാട് വാർഡിലെ മരക്കുളം പ്രദേശത്തെ അങ്കണവാടിയിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനായി പഞ്ചായത്ത് പ്രസിഡന്റ് എത്തി. നാട്ടുകാർ വാഹനത്തിന് മുകളിൽ കയറി അഭ്യാസം കാട്ടുകയും സെൽഫി എടുക്കുകയും ചെയ്തു. ഡ്രൈവർ ചോദ്യം ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കൾ അടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. മദ്യ ലഹരിയിയിൽ ആയിരുന്നു സംഘം.
ആക്രമണം തടയാൻ എത്തിയ അങ്കണവാടി വർക്കറുടെ മകനേയും വർക്കറേയും ആക്രമിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയും വർക്കറും ചാത്തന്നൂർ പോലീസിൽ പരാതി നൽകി. രാഷ്ടീയ സമ്മർദം ചെലുത്തി കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കൾ മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നത് സ്ഥിരമായ സംഭവം ആണെന്ന് നാട്ടുകാർ ആരോപിച്ചു.
പോലീസ് കേസെടുക്കണം
ചാത്തന്നൂർ: പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവറേയും അങ്കണവാടി വർക്കറേയും ആക്രമിച്ചവർക്കെതിരേ കേസെടുക്കണമെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സി. രാജൻപിള്ള ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിയ്ക്കാൻ നടത്തുന്ന നീക്കം പ്രതിഷേധാർഹമാണ്. ആക്രമി സംഘത്തിനെതിരേ കേസ് എടുത്തില്ലെങ്കിൽ സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് സി. രാജൻപിള്ള പറഞ്ഞു.